കഴിഞ്ഞ വർഷം ഏപ്രിൽ 22നാണ് മെൽബണിലെ ഈസ്റ്റേൺ ഫ്രീവേയിൽ അപകടമുണ്ടായത്.
അമിതവേഗതയിൽ പോയ ഒരു പോർഷെ കാർ തടഞ്ഞുനിർത്തിയ നാല് പൊലീസ് ഓഫീസർമാർ, അതിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ഫ്രീവേയിലെ എമർജൻസി ലൈനിലായിരുന്നു പൊലീസ് ഓഫീസർമാർ.
മൊഹീന്ദർ സിംഗ് (48) ഓടിച്ചിരുന്ന ട്രക്ക് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് എമർജൻസി ലൈനിലേക്ക് പാഞ്ഞുകയറുകയും, പൊലീസ് കാർ ഇടിച്ചുതകർക്കുകയുമാണുണ്ടായത്.
ലീഡിങ് സീനിയർ കോൺസ്റ്റബിൾ ലിനെറ്റ് ടൈലർ, സീനിയർ കോൺസ്റ്റബിൾ കെവിൻ കിംഗ്, കോൺസ്റ്റബിൾമാരായ ഗ്ലെൻ ഹംഫ്രിസ്, ജോഷ് പ്രെസ്റ്റനി എന്നിവർ അപകടത്തിൽ കൊല്ലപ്പെട്ടു.
സംഭവത്തിൽ മൊഹീന്ദർ സിംഗ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.

Constable Glen Humphris, Senior Constable Kevin King, Leading Senior Constable Lynette Taylor and Constable Joshua Prestney will be memorialised in Canberra. Source: Victoria Police
തീർത്തും അനാവശ്യമായ അപകടവും മരണവുമായിരുന്നു ഇതെന്നും, മൊഹീന്ദർ സിംഗ് മാത്രമാണ് അതിന് കാരണമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പോൾ കോഗ്ലൻ ശിക്ഷ വിധിച്ചത്.
22 വർഷത്തെ തടവുശിക്ഷയാണ് മൊഹീന്ദർ സിംഗിന് വിധിച്ചതെങ്കിലും, 18 വർഷവും ആറു മാസവും കഴിഞ്ഞ് പരോൾ ലഭിക്കും.
ഏകദേശം ഒരു വർഷത്തോളം ഇയാൾ ഇതിനകം ജയിൽവാസം അനുഭവിച്ച്കഴിഞ്ഞു.
മരണകാരണമാകുന്ന രീതിയിൽ വാഹനമോടിച്ചതും, മയക്കുമരുന്ന് കടത്തിയതും ഉൾപ്പെടെയുള്ള എട്ടു കുറ്റങ്ങളും മൊഹീന്ദർസിംഗ് കോടതിയിൽ സമ്മതിച്ചിരുന്നു.
അപകടം നടക്കുന്ന സമയത്ത് ഇയാൾക്ക് കനത്ത ഉറക്കക്ഷീണവും ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തിയത്. തൊട്ടുമുമ്പുള്ള മൂന്നു ദിവസങ്ങളിൽ ആകെ അഞ്ചു മണിക്കൂർ മാത്രമാണ് ഇയാൾ ഉറങ്ങിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇയാൾ പതിവായി മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നുവെന്നും, ഇത് മാനസികമായി ബാധിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
ട്രക്ക് ഉടമയിൽ നിന്ന് കനത്ത സമ്മർദ്ദമുണ്ടായതിനാലാണ് അപ്പോൾ ഡ്രൈവ് ചെയ്യേണ്ടിവന്നതെന്ന് മൊഹീന്ദർ സിംഗിന്റെ അഭിഭാഷകൻ നേരത്തേ വാദിച്ചു.

Truck driver Mohinder Singh had been using and trafficking drugs in the lead up to the fatal crash. (AAP) Source: AAP
ട്രക്കുടമയ്ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.