സിഡ്നിയിൽ ഇന്ത്യൻ വംശജർ ഏറ്റവുമധികമുള്ള പ്രദേശങ്ങളിലൊന്നായ ഹാരിസ് പാർക്കിൽ, കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
ഇന്ത്യൻ റെസ്റ്റോറന്റുകളുടെ കേന്ദ്രമായ വിഗ്രാം സ്ട്രീറ്റിൽ രാത്രി പത്തു മണിയോടെ 40ഓളം പേർ രണ്ടു സംഘങ്ങളായി തിരിച്ച് സംഘർഷമുണ്ടാക്കുകയായിരുന്നു.
പഞ്ചാബിലും ഹരിയാനയിലും നിന്നുള്ള കുടിയേറ്റക്കാരാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തല്ലുണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക് വഴി ആഹ്വാനം ചെയ്താണ് ഈ സംഘങ്ങൾ സ്ഥലത്ത് ഒത്തുകൂടിയതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
ടിക് ടോക്കിലെ വെല്ലുവിളികൾക്കു ശേഷം അത് പൊതുസ്ഥലത്തേക്കുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. റോഡിലെ ഗതാഗതം പോലും തടഞ്ഞുനിർത്തിയായിരുന്നു ഏറ്റുമുട്ടൽ.
സംഭവം അറിഞ്ഞ് പാരമറ്റ പൊലീസും കലാപവിരുദ്ധ സ്ക്വാഡും രംഗത്തത്തി. ഇതോടെ ചിതറിയോടിയ സംഘാംഗങ്ങൾ കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ എസ് ബി എസ് പഞ്ചാബി പരിപാടിയോട് പറഞ്ഞു.

A street brawl ensued between members of two Indian community group in western Sydney on Friday. Source: TikTok
രണ്ടു പേരെയാണ് ഇതുമായി ബന്ധപ്പെട്ട്പൊലീസ് അറസ്റ്റ് ചെയ്തത്.
കാംപ്സി സ്വദേശിയായ 33കാരനും, ജോർദാൻ സ്പൃംഗ്സിൽ നിന്ന് ഒരു 30കാരനുമാണ് പിടിയിലായത്.
പാരമറ്റ ലോക്കൽ കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ഒക്ടോബർ 7 വരെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
സംഘർഷത്തിനിടയിൽ പലരും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓസ്ട്രേലിയയുടെ പല ഭാഗത്തും മുമ്പും ഖാലിസ്ഥാൻ അനുകൂല ശക്തിപ്രകടനങ്ങൾ നടന്നിട്ടുണ്ട്.

Snapshot of the video when the police car arrived at the scene. Source: TikTok
ഈ ഏറ്റുമുട്ടലിൽ പങ്കെടുത്തതിൽ ഭൂരിഭാഗവും സ്റ്റുഡന്റ് വിസയിലുള്ളവരാണെന്ന് ഹാരിസ് പാർക്കിലെ ലിറ്റിൽ ഇന്ത്യ ഓസ്ട്രേലിയ പ്രിസിംക്റ്റിന്റെ പ്രസിഡന്റ് ഗുർമീത് ടുള്ളി പറഞ്ഞു.
ഓസ്ട്രേലിയൻ മൂല്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.