ടാസ്മേനിയായിലെ പ്രൈമറി സ്കൂളിലുണ്ടായ അപകടത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ ടാസ്മേനിയയിലെ ഡെവോൺപോർട്ട് ഹിൽക്രസ്റ്റ് പ്രൈമറി സ്‌കൂളിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിൽ കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസിൽ (വായു നിറച്ച് ഉപയോഗിക്കാവുന്ന കുട്ടികളുടെ താല്ക്കാലിക കളിസ്ഥലം) അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. പത്തു മീറ്ററോളം വായുവിലേക്ക് ഉയർന്ന ജംപിഗ് കാസിലിൽ നിന്ന് കുട്ടികൾ താഴേക്ക് പതിച്ചുവെന്നാണ് കരുതപ്പെടുന്നത്.
അപകടത്തിൽ നാല് കുട്ടികൾ മരിച്ചതായി ടാസ്മേനിയ പോലീസ് കമാൻഡർ ഡെബി വില്യംസ് സ്ഥിരീകരിച്ചു. നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് കമാൻഡർ അറിയിച്ചു.
വ്യാഴാഴ്‌ച രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. സ്കൂൾ വർഷാവസാനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ബിഗ് ഡേ’ എന്ന ആഘോഷ പരിപാടിക്കിടെയായിരുന്നു അപകടം.
“ശക്തമായ കാറ്റ്, കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസിൽ വായുവിലേക്ക് ഉയരുന്നതിന് കാരണമായെന്ന്” ടാസ്മേനിയൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ കുട്ടികളെ ആംബുലൻസുകളിലും ഹെലികോപ്റ്ററുകളിലുമായാണ് ആശുപത്രികളിലെത്തിച്ചത്. അപകടത്തെ തുടർന്ന് ഈ പ്രദേശത്തു കൂടിയുള്ള യാത്ര ഒഴിവാക്കാൻ സമീപവാസികളോട് പോലീസ് നിർദേശിച്ചിട്ടുണ്ട്.
സ്വകാര്യത കണക്കിലെടുത്ത് മരണത്തെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും എന്നാൽ പിന്നീട് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമെന്നും പോലീസ് അറിയിച്ചു.