Highlights
- മെൽബണിലെ രണ്ട് ഇന്ത്യൻ റസ്റ്റോറന്റുകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും
- ലോക്ക്ഡൗൺ മൂലം സാമ്പത്തിക നഷ്ടം നേരിടുന്നതിനാലാണ് തുറക്കുന്നതെന്ന് ഉടമകൾ പറഞ്ഞു
- കഠിന പിഴ നൽകേണ്ടി വരുമെങ്കിലും കടകൾ തുറക്കേണ്ടത് ആവശ്യമെന്ന് ഉടമകൾ
മെൽബണിലെ ഡാൻഡനോംഗിലുള്ള ഓണസ്‌റ്റ് റെസ്റ്റോറന്റും ബൊറോണിയയിലുള്ള ലാലാസ് കിച്ചനുമാണ് തിങ്കളാഴ്ച മുതൽ ഉപഭോക്താക്കൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മെൽബണിൽ നാലാം ഘട്ട നിയന്ത്രണം ഇളവ് ചെയ്തു തുടങ്ങിയെങ്കിലും, റെസ്റ്റോറന്റുകൾക്കും കഫേകൾക്കുമെല്ലാം ഇപ്പോഴും ടേക്ക് എവേ സേവനങ്ങൾക്ക് മാത്രമാണ് അനുവാദമുള്ളത്. നവംബർ ഒന്ന് അർധരാത്രി മുതൽ മാത്രമാണ് റെസ്റ്റോറന്റുകൾക്ക് ഭക്ഷണം വിളമ്പാൻ സാധിക്കൂ.
എന്നാൽ ഇത്രയും നാൾ അടച്ചിട്ടത് മൂലം വലിയ സാമ്പത്തിക നഷ്ടമാണ് തങ്ങൾ നേരിടുന്നതെന്നും തങ്ങളുടെ ജീവനക്കാർക്ക് ജോലി നൽകേണ്ടത് ആവശ്യമാണെന്നും ഓണസ്‌റ്റ് റെസ്റ്റോറന്റിന്റെ ഉടമ മിനിന്ത് പട്ടേൽ എസ് ബി എസ് ഹിന്ദിയോട് പറഞ്ഞു.
നവംബർ ഒന്ന് മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കുമ്പോൾ, റെസ്റ്റോറന്റുകൾക്കുള്ളിൽ പരമാവധി 20 പേർക്കും പുറത്ത് 50 പേർക്കുമാണ് ഭക്ഷണം വിളമ്പാവുന്നത്.
എന്നാൽ ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കാൻ കഴിയില്ലെന്നും ജനുവരിയിൽ തുടങ്ങിയ റെസ്റ്റോറന്റിൽ ജീവനക്കാരിൽ അധികവും രാജ്യാന്തര വിദ്യാര്ഥികളാണെന്നും പട്ടേൽ പറഞ്ഞു. ഇവർ ജോബ് കീപ്പർ-ജോബ് സീക്കർ ആനുകൂലിനകൾക്ക് അർഹരല്ല. അതുകൊണ്ട്തന്നെ ഇനിയും കടകൾ അടച്ചിടാൻ കഴില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓണസ്റ്റ് റെസ്റ്റോറന്റിന് പുറമെ മറ്റൊരു ഗുജറാത്തി റെസ്റ്റോറന്റ് ആയ ലാലാസ് കിച്ചണും ലോക്ക്ഡൗൺ നിയന്ത്രണം മറികടന്ന് തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുകയാണെന്ന് റെസ്റ്റോറന്റ് ഉടമ ശ്വേത പട്ടേൽ പറഞ്ഞു.
സമൂഹത്തിൽ നിന്നും തങ്ങൾക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇനിയും ഇതിനെതിരെ ശബ്ദമുയർത്താതിരിക്കാൻ കഴിയില്ലെന്നും ശ്വേത പറഞ്ഞു.
നിയന്ത്രണം മറികടന്ന് പ്രവർത്തനം തുടങ്ങിയാൽ കഠിന പിഴ നൽകേണ്ടി വരുമെന്ന് ഇരുവർക്കും അറിയാമെന്നും, എന്നാൽ തങ്ങൾക്ക് പോരാടേണ്ടത് ആവശ്യമാണെന്ന് ഇവർ പറഞ്ഞു.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യക്തികൾക്ക് ഉടൻ തന്നെ 1,652 ഡോളറും ബിസിനസുകൾക്ക് 9,913 ഡോളറും പിഴയാണ് പോലീസ് ചുമത്തുന്നത് .
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് കോടതിയിൽ പോയാൽ വരെയും 20,000 ഡോളറും ബിസിനസുകൾക്ക് 1,00,000 ഡോളർ വരെയുമാണ് ലഭിക്കാവുന്ന പിഴ.