ഓസ്ട്രേലിയൻ അരണകളെ അമേരിക്കയിലെത്തിച്ച് വിൽപ്പന നടത്തുന്നതിനായി 2018 മാർച്ചിലാണ് പ്രതികൾ അമേരിക്കയിൽ നിന്നും വെസ്റ്റേൺ ഓസ്ട്രേലിയയിലെത്തിയത്.
പിടികൂടിയ അരണകളെ വായു സഞ്ചാരമുള്ള ബോക്സുകളിലാക്കി സമ്മാനപ്പൊതികളിലൊളിപ്പിക്കുകയായിരുന്നു. തുടർന്ന് വലിയ ബോക്സുകളിലാക്കിയ സമ്മാനപ്പൊതികൾ തപാൽ മാർഗ്ഗം അമേരിക്കയിലേക്കയച്ചു.
ബോക്സുകളിലൊളിപ്പിച്ച നിലയിൽ പതിനഞ്ചോളം അരണകളെ തപാൽ ഓഫീസിൽ കണ്ടെത്തിയതോടെ ഓസ്ട്രേലിയൻ അതിർത്തി സംരക്ഷണ സേന അന്വേഷണമാരംഭിച്ചു. പിന്നാലെ രണ്ടു പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Source: Australian Border Force
ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സും (ABF), യു.എസ്. ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസിന്റെ ഓഫീസ് ഓഫ് ലോ എൻഫോഴ്‌സ്‌മെൻറ് വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ബ്രൂമിൽ നിന്നാണ് അരണകളെ പിടികൂടിയതെന്ന് പ്രതികൾ സമ്മതിച്ചു. രണ്ട് വലിയ ഷിപ്പിംഗ് ബോക്‌സുകളിലാക്കി മയാമി, ഫ്ലോറിഡ, ഒറിഗോൺ, മെഡ്‌ഫോർഡ് എന്നിവിടങ്ങളിലേക്ക് അയച്ചതായും പ്രതികൾ വെളിപ്പെടുത്തി.
39ഉം, 31ഉം വയസ്സുള്ളവരാണ് പ്രതികൾ. വീട്ടുതടങ്കലും, നിർബന്ധിത സാമൂഹ്യ സേവനവുമാണ് ഇവർക്കുള്ള ശിക്ഷ. ഇതിന് പുറമെ ഒരാൾക്ക് 40,000 അമേരിക്കൻ ഡോളർ പിഴയും വിധിച്ചിട്ടുണ്ട്.

Source: Australian Border Force
വന്യജീവി കള്ളക്കടത്ത് ആഗോള പ്രശ്നവും, രാജ്യാന്തര തലത്തിലെ ഏറ്റവും വലിയ സംഘടിത ക്രിമിനൽ പ്രവർത്തനങ്ങളിലൊന്നുമാണെന്ന് ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് ആക്ടിംഗ് കമാൻഡർ ഓപ്പറേഷൻസ് വെസ്റ്റ്, ഷോൺ സീനിയർ പറഞ്ഞു.
വന്യ ജീവികളെ പാക്കേജുകളിലാക്കി അയയ്ക്കുന്നത് നിയമവിരുദ്ധവും, ക്രൂരവും, മനുഷ്യത്വരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടിയ ആക്ടിംഗ് കമാൻഡർ ഈ രീതിയിൽ കടത്തുന്ന പല ജീവികളുടെയും ജീവൻ നഷ്ടമാകാറുണ്ടെന്നും കൂട്ടിച്ചർത്തു.

Source: Australian Border Force
വന്യജീവി കടത്തിനെ കുറിച്ച് വിവരം ലഭിക്കുന്നവർ ബോർഡർ വാച്ചുമായി ബന്ധപ്പെടണമെന്നും അതിർത്തി സംരക്ഷണ സേന നിർദ്ദേശിച്ചു.