അമേരിക്കയിലെ ഫ്ളോറിഡയിലുള്ള രണ്ടു വയസ്സുകാരി സൈനബ് മുഗളിനാണ് രണ്ടു മാസം മുൻപ് ന്യൂറോബ്ലാസ്‌റ്റോമ എന്ന അപൂർവമായ അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ചില നാഡീ കോശങ്ങളെ ബാധിക്കുന്ന ഈ അർബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേൽക്കും പടരാറുണ്ട്. സൈനബിന്റെ അടിവയറ്റിലാണ് അർബുദം കണ്ടെത്തിയിരിക്കുന്നത്.
അർബുദത്തിനായുള്ള ചികിത്സ ആരംഭിച്ചപ്പോഴാണ് കുട്ടിയുടെ ചുവന്ന രക്താണുക്കളിൽ ഇന്ത്യൻ-ബി എന്ന ആന്റിജന്റെ സാന്നിധ്യവും നഷ്ടപ്പെട്ടതായി ഡോക്ടർമാർ കണ്ടെത്തിയത്. സൈനബിന് രക്തം ദാനം ചെയ്യാനായി മുൻപോട്ടു വരുന്നവരുടെ രക്തത്തിലും ഈ ആന്റിജൻറെ സാന്നിധ്യം ഇല്ലായിരിക്കണം. എങ്കിൽ മാത്രമേ ഇവരുടെ രക്തം സൈനബിന് യോജിക്കുകയുള്ളു.
അതുകൊണ്ടുതന്നെ യോജിച്ച രക്തദാതാവിനെ കണ്ടെത്തുക എളുപ്പമല്ല. അതിനാൽ ദാതാവിനെ കണ്ടെത്താനുള്ള പ്രത്യേക സംഘമായ വൺബ്ലഡിനൊപ്പം ആഗോളതലത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ദാതാവിനെ കണ്ടെത്താനുള്ള അമേരിക്കൻ സംഘടനയായ അമേരിക്കൻ റെയർ ഡോനോർ പ്രോഗ്രാം.
സൈനബിനെ ബാധിച്ച ഈ അപൂർവമായ അർബുദരോഗത്തെ ചികിത്സിക്കാൻ രണ്ടു തവണ മജ്ജ മാറ്റിവയ്ക്കലും നിരവധി തവണ രക്‌തം മാറ്റലും ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചിരിക്കുന്നത്. ഇതിനിടെ കീമോതെറാപ്പിക്കും വിധേയയാവുകയാണ് ഈ രണ്ടു വയസുകാരി.
തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ രക്‌തദാനത്തിനായി ആളുകൾ മുന്നോട്ടു വരണമെന്ന് സൈനബിന്റെ അച്ഛൻ റഹീൽ മുഗൾ അഭ്യർത്ഥിച്ചു.
ദാതാവാകാൻ വേണ്ടത്
ഇന്ത്യൻ വംശജരോ, പാകിസ്ഥാൻ, ഇറാനിയൻ വംശജരോ ആയിരിക്കണം ദാതാക്കൾ
രക്‌തം ദാനം ചെയ്യാൻ മുൻപോട്ടു വരുന്നവർ 'ഒ' അല്ലെങ്കിൽ 'എ' ബ്ലഡ് ഗ്രൂപ്പ് ആയിരിക്കണം
ദാതാവാകാൻ താത്പര്യം ഉള്ളവർ കൂടുതൽ പരിശോധനകൾക്കായി വൺബ്ലഡ് സംഘത്തെ നേരത്തെ അറിയിക്കേണ്ടതാണ്