ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഇമാം ഖൊമെയ്‌നി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകമാണ് ബോയിങ് 737 ഉക്രേനിയൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നുവീണത്. യാത്രക്കാരും ജോലിക്കാരും ഉൾപ്പടെ 180 പേർ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
യാത്രക്കാരെല്ലാം മരിച്ചതായി ഇറാനിലെ റെഡ് ക്രെസെന്റ് എന്ന സന്നദ്ധ സംഘടന മാധ്യമങ്ങളോട് പറഞ്ഞു.
സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് ഇറാൻ ന്യൂസ് ഏജൻസി ഫാർസ് ട്വീറ്റ് ചെയ്തത്.
സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായുള്ള സംഘത്തെ അയച്ചിട്ടുണ്ടെന്നും കുറച്ച് യാത്രക്കാരെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞേക്കുമെന്നും ഇറാന്റെ എമർജൻസി മെഡിക്കൽ സർവീസിന്റെ തലവൻ ഫിർഹോസ്‌സിന് കൗലിവാന്ദ് ഇറാൻ മാധ്യമങ്ങളോട് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇറാഖിലെ യു എസ് സഖ്യ സേനകളുടെ രണ്ട് വ്യോമതാവളങ്ങളിൽ ബുധനാഴ്ച ഉച്ചക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനാപകടം.