കൊറോണവൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ജോലി സാധ്യതയുള്ള യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളുടെ ഫീസ് കുറക്കുകയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിൽ ഒന്ന്.
ശാസ്ത്രം, ആരോഗ്യം, നഴ്സിംഗ്, IT, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം, കൃഷി, പരിസ്ഥിതി, അധ്യാപനം, ഭാഷാപഠനം തുടങ്ങിയവയുടെ ഫീസ് കുറയ്ക്കാനാണ് തീരുമാനം.
അതേസമയം, ആർട്സ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ്, നിയമം തുടങ്ങിയ ഡിഗ്രികളുടെ ഫീസ് ഉയരും.
ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ ഫീസ് നൂറ് ശതമാനത്തിലധികം കൂടും.
വിവിധ വിഷയങ്ങളിലെ ഫീസ് എത്രത്തോളം ആകാം
- ടീച്ചിങ്, ക്ലിനിക്കൽ സൈക്കോളജി, ഇംഗ്ലീഷ്, ഗണിതശാസ്ത്രം, നഴ്സിങ്, ഭാഷാ പഠനം, കൃഷി - $3,700 (വാർഷിക ഫീസ്)
- അലൈഡ് ഹെൽത്, മറ്റ് ആരോഗ്യ വിഷയങ്ങൾ, ആർകിടെക്ച്ചർ , IT, ക്രീയേറ്റീവ് ആർട്സ്, എഞ്ചിനീയറിംഗ്, പരിസ്ഥിതി സംബന്ധമായ പഠനം, ശാസ്ത്രം - $7700
- മെഡിക്കൽ, ഡെന്റൽ, വെറ്റിറിനറി സയൻസ് -$11,300
- നിയമവും സാമ്പത്തിക ശാസ്ത്രവും, മാനേജ്‌മന്റ് ആൻഡ് കൊമേഴ്‌സ്, സൊസൈറ്റി ആൻഡ് കൾച്ചർ, ഹ്യുമാനിറ്റീസ്, കമ്മ്യുണിക്കേഷൻസ്, ബിഹേവിയറൽ സയൻസ് - $14,500
പുതിയായ പദ്ധതി വഴി 2023 മുതൽ ഓസ്ട്രേലിയൻ വിദ്യാർത്ഥികൾക്കായി 39,000 അധിക സീറ്റുകൾ യൂണിവേഴ്സിറ്റികൾ നൽകും. ഇതുവഴി 2030ഓടെ ഒരു ലക്ഷം അധിക സീറ്റുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
2021ൽ തന്നെ കൂടുതൽ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി പഠനം തിരഞ്ഞെടുക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
കൊറോണവൈറസിന്റെ പശ്ചാത്തലത്തിലുള്ള യാത്രാ വിലക്കുകളും, തൊഴിൽ ലഭിക്കാനുള്ള പ്രയാസവുമെല്ലാം കാരണം ഇത്തവണ കൂടുതൽ പേർ യൂണിവേഴ്സിറ്റി പഠനത്തിനായി അപേക്ഷിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
യൂണിവേഴ്സിറ്റി ഫണ്ടിംഗിലെ വർദ്ധനവ് സർക്കാർ മരവിപ്പിച്ചതിനാൽ കഴിഞ്ഞ രണ്ടു വർഷമായി സീറ്റുകളുടെ എണ്ണം കൂടിയിട്ടില്ല.
ഓസ്ട്രേലിയൻ വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന സബ്സിഡിയിലാണ് ഗണ്യമായ മാറ്റം. ഇതോടെ ആഭ്യന്തര വിദ്യാർത്ഥികൾ നൽകേണ്ട വിഹിതം മാറും.
അതെ സമയം നിലവിൽ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ മാറ്റം ബാധികാമായിരിക്കില്ല.
സെന്റർ അലയൻസ് സെനറ്റർ സ്റ്റെർലിങ് ഗ്രിഫ് പിന്തുണ നല്കിയതിന് പിന്നാലെയാണ് ബില് സെനറ്റിൽ പാസായത്.
അതെ സമയം തൊഴിൽ സാധ്യത കൂടുതലുള്ള പഠനം തെരെഞ്ഞുടുക്കാൻ ഇത് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുമെന്ന് സെന്റർ അലയൻസ് സെനറ്റർ റെബേക്ക ഷാർക്കി എംപി പറഞ്ഞു.
'ജോബ്-റെഡി ഗ്രാജുവേയ്റ്സ്' നിയമങ്ങൾ ഓസ്‌ട്രേലിയൻ വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകളിൽ കൂടുതൽ സീറ്റുകൾ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡാൻ ടെഹാൻ AAP യോട് പറഞ്ഞു.
ഇതിന് പുറമെ ചിലവ് കുറവിൽ കൊഴ്സു്കൾ ലഭ്യമാകുമെന്നും ഉൾനാടൻ മേഖലയിലെ സർവകലാശാലകൾക്ക് കൂടുതൽ ഫണ്ടിങ്ങും പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞ.
അതെ സമയം സ്വന്തന്ത്ര സെനറ്റർ ജാക്കി ലാമ്പിയും ഗ്രീൻസ് സെനറ്റർ സാറ ഹാൻസെൻ യങ്ങും നയങ്ങൾക്കെതിരെ രംഗത്തെത്തി.
ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് ഫീസ് കൂട്ടുന്നത് നിരവധി ആളുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ജാക്കി ലാമ്പി ചൂണ്ടി കാട്ടി. സ്വതന്ത്ര സെനറ്റർ റെക്സ് പാട്രിക്കും പുതിയ നിയമം പാസാക്കുന്നതിനെതിരെ രംഗത്തെത്തിയവരിൽ ഉൾപ്പെടുന്നു.
അതെ സമയം സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന നിയമങ്ങൾ ക്രൂരമാണെന്ന് ലേബർ പാർട്ടിയുടെ വിദ്യാഭ്യാസ വിഭാഗം വക്താവ് താന്യ പ്ലിബർസെക് അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ സർവകലാശാലകളിൽ കാണുന്നത് പോലെ വിദ്യാർത്ഥികൾ പഠന ശേഷം വലിയ കടബാധ്യതയുള്ളവരായി തീരുമെന്ന് പ്ലിബർസെക് കുറ്റപ്പെടുത്തി.