സിഡ്‌നിയിൽ നിന്ന് മെൽബണിലേക്ക് പോയ എക്സ്പ്രസ്സ് പാസ്സഞ്ചർ ട്രെയിൻ (XPT) ആണ് വ്യാഴാഴ്‌ച രാത്രി വിക്ടോറിയയിലെ വലാനിൽ അപകടത്തിൽ പെട്ടത്.
153 പേരുമായി പോയ ട്രെയിനിന്റെ അഞ്ച് ബോഗികൾ പാളം തെറ്റിയാണ് അപകടം നടന്നത്.
അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടുവെന്ന് പൊലീസ് വ്യാഴാഴ്ച രാത്രി തന്നെ സ്ഥിരീകരിച്ചിരുന്നു. 54 കാരനായ ട്രെയിൻ ഡ്രൈവറും, റയിൽ ജീവനക്കാരിയായ 49 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇവർ സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞിരുന്നു.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആംബുലൻസ് എത്തി ചികിത്സിച്ചു. പരിക്കേറ്റ ഒരു 60 കാരനെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു.
അതേസമയം അപകടമുണ്ടായ പാളം തകരാറിലായിരുന്നതായി വിക്ടോറിയൻ ട്രെയിൻ യൂണിയൻ പറഞ്ഞു.
വിക്ടോറിയയുടെ വടക്ക് കിഴക്കൻ ട്രെയിൻ ലൈനിന്റെ നവീകരണത്തിനായി സംസ്ഥാന-ഫെഡറൽ സർക്കാരുകൾ 235 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്. പണി ഈ വർഷം ആരംഭിക്കാനിരിക്കവെയാണ് അപകടം.
കഴിഞ്ഞ ഒരാഴ്ചയായി ഈ പാളത്തിലൂടെ ഓടിക്കാൻ V/Line ഡ്രൈവർമാർ വിസമ്മതിച്ചിരുന്നതായും യൂണിയൻ സൂചിപ്പിച്ചു
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ഉറപ്പ് വരുത്തുമെന്നും യൂണിയൻ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ട്രെയിനിൽ യാത്രചെയ്യാനായി ബുക്ക് ചെയ്തിരുന്ന 20 ഓളം പേരെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതിനാൽ ബുക്കിങ് ഉണ്ടായിട്ടും യാത്ര ചെയ്യാത്തവരും എമർജൻസി വിഭാഗം എത്തും മുൻപ് സംഭവസ്ഥലത്തു നിന്നും പോയവരും അധികൃതരുമയി ബന്ധപ്പെടണമെന്നും പോലീസ് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെ ഏഴരക്ക് സിഡ്‌നിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ വൈകിട്ട് ആറരയോടെ മെൽബൺ സതേൺ ക്രോസിൽ എത്തേണ്ടതായിരുന്നു. എന്നാൽ അപകടം നടക്കുമ്പോൾ ട്രെയിൻ രണ്ട് മണിക്കൂറിലേറെ വൈകിയാണ് ഓടിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
സിഗ്നൽ തകരാറുമൂലം വലാന് സമീപം ട്രെയിൻ നിർത്തിയിട്ടിരുന്നതായും പിന്നീട് വേഗത കൂട്ടി ട്രെയിൻ ഓടിത്തുടങ്ങുമ്പോഴാണ് അപകടം നടന്നതെന്നും യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിന്റെ കാരണം ഇനിയും അറിവായിട്ടില്ല. ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യുറോയും ദേശീയ റെയിൽ സുരക്ഷ റെഗുലേറ്റരുടെ ഓഫീസും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊതു ഗതാഗത മന്ത്രി മെലിസ ഹോൺ അറിയിച്ചു.

The scene of an XPT train derailment in Wallan North, 45km north of Melbourne Source: AAP
അപകടത്തിൽ മരിച്ചവർക്ക് NSW പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയാൻ അനുശോചനം രേഖപ്പെടുത്തി.
സുരക്ഷിതമല്ലാത്ത പാളത്തിലൂടെ ട്രെയിനുകൾ ഓടാൻ അനുവദിക്കില്ലെന്ന് ഉപപ്രധാന മന്ത്രി മൈക്കൽ മാക് കോർമക് വ്യക്തമാക്കി.
ജനുവരി അവസാനം ബർണവർത്തയിൽ ഒരു ഗുഡ്സ് ട്രെയിൻ അപകടത്തിൽ പെട്ടിരുന്നു. ഇതേതുടർന്ന് പ്രദേശത്തെ പാളത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കണമെന്ന് ഓസ്‌ട്രേലിയൻ റെയിൽ ട്രാക്ക് കോർപറേഷനെ അറിയിച്ചിരുന്നതായി മന്ത്രി മെലീസ ഹോൺ പറഞ്ഞു.