വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഹാജരാകുന്നു എന്നുറപ്പാക്കാന്‍ അവരുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാനുള്ള പദ്ധതി കഴിഞ്ഞയാഴ്ചയാണ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസില്‍ പ്രഖ്യാപിച്ചത്.
ക്ലാസിലെത്തുമ്പോള്‍ അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നതിനു പകരം വിദ്യാര്‍ത്ഥികള്‍ ഒരു മൊബൈല്‍ ഫോണ്‍ ആപ്പ് ഉപയോഗിച്ച് ചെക്ക്-ഇന്‍ ചെയ്യണം എന്നാണ് ഈ പദ്ധതി.
എന്നാല്‍ ക്ലാസില്‍ ഇരുന്നു തന്നെയാണോ അവര്‍ ചെക്ക്-ഇന്‍ ചെയ്യുന്നത് എന്നുറപ്പാക്കാന്‍ വിദ്യാര്‍ത്ഥികളുടെ ജിയോ ലൊക്കേഷന്‍ യൂണിവേഴ്‌സിറ്റി പരിശോധിക്കും.
കോഴ്‌സ് പാസാകണമെങ്കില്‍ 80 ശതമാനം ഹാജര്‍ വേണമെന്നാണ് ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ വ്യവസ്ഥ. ഇത് ഉറപ്പാക്കാനാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതെന്ന് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ലിസ് ബര്‍ഡ് പറഞ്ഞു.
2020ല്‍ കോഴ്‌സ് തുടങ്ങുന്ന വിദ്യാര്‍ത്ഥികള്ക്ക് മാത്രമായിരിക്കും ഇത് ബാധകമെന്നും പ്രോ വി സി അറിയിച്ചു.
ലൊക്കേഷന്‍ വിശദാംശങ്ങള്‍ക്ക് പുറമേ, വ്യക്തിപരമായ വിവരങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റു വിശദാംശങ്ങളും ട്രാക്ക് ചെയ്യും
ഇതില്‍ നിന്ന് സ്വമേധയാ ഒഴിവാകാന്‍ വിദ്യാര്ത്ഥികള്‍ക്ക് അവസരം നല്‍കുമെന്നും, അങ്ങനെ ഒഴിവാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ അടുത്തെത്തി നേരിട്ട് ഹാജര്‍ ഒപ്പുവയ്ക്കാം.
അതേസമയം, യൂണിവേഴ്‌സിറ്റിയുടെ ഈ പദ്ധതി സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വിവരങ്ങള്‍ പോലും ട്രാക്ക് ചെയ്യും എന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് സ്റ്റുഡന്റ് യൂണിയന്റെ എജ്യൂക്കേഷന്‍ ഓഫീസര്‍ ലൂക്ക ഹാരിസണ്‍ കുറ്റപ്പെടുത്തി.
യൂണിവേഴ്‌സിറ്റി ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ എന്തു ചെയ്യുമെന്നോ, എവിടെ സൂക്ഷിക്കുമെന്നോ ഉള്ള കാര്യങ്ങള്‍ വ്യക്തമല്ലെന്ന് NSW യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസിന്റെ വക്താവ് സ്റ്റീഫന്‍ ബ്ലാങ്ക്‌സും ചൂണ്ടിക്കാട്ടി.
എന്തൊക്കെ വിവരങ്ങള്‍ ശേഖരിക്കും എന്നും, എവിടെ അത് സൂക്ഷിക്കുമെന്നും, എന്തിനൊക്കെ ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടു മാത്രമേ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മൊബൈല്‍ ആപ്പിന്റെ എല്ലാ വിശദാംശങ്ങളും ഓറിയന്റേഷന്‍ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും, വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും എന്നുമാണ് പ്രൊ വൈസ് ചാന്‍സലര്‍ ലിസ് ബര്‍ഡ് ഉറപ്പു നല്‍കുന്നത്.