പരീക്ഷണം വിജയിച്ചാൽ ഓസ്ട്രേലിയയിൽ ലഭ്യമാക്കാനായി തീരുമാനിച്ചിരുന്ന നാലു വാക്സിനുകളിലൊന്നായിരുന്നു ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റിയും മരുന്നു നിർമ്മാതാക്കളായ CSLഉം സംയുക്തമായി വികസിപ്പിച്ച വാക്സിൻ.
ഓസ്ട്രേലിയയിലെ വാക്സിൻ പരീക്ഷണങ്ങളിൽ ഏറ്റവും പുരോഗതി കൈവരിച്ചതും ഇതായിരുന്നു.
എന്നാൽ ഈ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ഉപേക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു.
വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ചില വോളന്റീയർമാർക്ക് HIV പോസിറ്റീവ് ഫലം ലഭിച്ചതോടെയാണ് ഇത്.
എന്നാൽ ഇത് തെറ്റായ HIV പോസിറ്റീവ് ഫലമാണ് എന്നാണ് ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കുന്നത്.
ഓസ്ട്രേലിയയുടെ വാക്സിൻ വിതരണ പദ്ധതിയുടെ ഭാഗമായി ഈ വാക്സിൻ തുടരില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പരീക്ഷണത്തിലിലിക്കുന്ന എല്ലാ വാക്സിനുകളും വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതുകൊണ്ടാണ് പല വാക്സിനുകളിലായി സർക്കാർ നിക്ഷേപം നടത്തിയിരുന്നത്.
ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റി വാക്സിൻ വിജയിച്ചാൽ അഞ്ചു കോടിയിലേറെ ഡോസ് ലഭ്യമാക്കാനാണ് സർക്കാർ കരാർ ഒപ്പുവച്ചിരുന്നത്.
ക്വീന്സ്ലാന്റ് യൂണിവേഴ്സിറ്റി വാക്സിൻ ഉപേക്ഷിക്കുന്നതോടെ, അതിനു പകരം ഓക്സ്ഫോർഡ് - ആസ്ട്ര സെനക്കയിൽ നിന്നും നൊവാ വാക്സിൽ നിന്നും അധിക ഡോസുകൾ വാങ്ങുന്നതിന് സർക്കാർ കരാർ ഒപ്പുവച്ചിട്ടുണ്ട്.
ഓക്സ്ഫോർഡ് - ആസ്ട്ര സെനക്കയിൽ നിന്ന് രണ്ടു കോടി അധിക വാക്സിനുകളും, നോവ വാക്സിൽ നിന്ന് 1.1 കോടി അധിക വാക്സിനുകളും ലഭ്യമാക്കുന്നതിനാണ് സർക്കാർ പുതുതായി കരാർ ഒപ്പുവച്ചത്.
പുതിയ കരാറുകൾ ഒപ്പുവച്ചതോടെ ഓസ്ട്രേലിയയ്ക്ക് ഗുണകരമായ കാര്യങ്ങളുമുണ്ടെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
മുമ്പ് പ്രതീക്ഷിച്ചിരുന്നതിനെക്കാൾ നേരത്തേ തന്നെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ വിതരണം നടത്താൻ ഈ മാറ്റം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ഓസ്ട്രേലിയക്കാർക്കും ലഭ്യമാക്കുന്നതിനുള്ള വാക്സിനു വേണ്ടി കരാർ ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫൈസർ വാക്സിൻ വാങ്ങാനും ഓസ്ട്രേലിയ കരാർ ഒപ്പുവച്ചിട്ടുണ്ട്.
ബ്രിട്ടനും കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ അംഗീകരിച്ച വാക്സിനാണ് ഇത്. ഒരു കോടി ഫൈസർ വാക്സിൻ വാങ്ങാനാണ് സർക്കാർ കരാർ ഒപ്പുവച്ചിട്ടുള്ളത്.
HIV ഭീഷണിയില്ല
യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാന്റ് വാക്സിൻ പരീക്ഷണത്തിൽ HIV പോസിറ്റീവ് ഫലം വന്നത് അപ്രതീക്ഷിതമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ബ്രെണ്ടൻ മർഫി പറഞ്ഞു.
എന്നാൽ ഇത് വാക്സിനിൽ ഉള്ള ഒരു പ്രോട്ടീൻ ഘടകം വഴിയുണ്ടാകുന്ന ഫലമാണ്. മറിച്ച് ആർക്കും HIV ബാധിക്കും എന്ന ആശങ്കയില്ലെന്നും അദ്ദേഹം അറിയിച്ചു.

