അനുവദനീയമായ അളവിനേക്കാൾ 15 ഇരട്ടി അധികം ഈയത്തിൻറെ അംശമാണ് ഈ കുടിവെള്ള ടാപ്പ് ഉപയോഗിക്കുന്നത് വഴി വെള്ളത്തിൽ കലരുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഉപഭോക്താക്കൾ ഇവയിൽ നിന്നും വരുന്ന വെള്ളം കുടിക്കുവാനോ പാചകം ചെയ്യുവാനോ ഉപയോഗിക്കരുതെന്നും ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ മുന്നറിയിപ്പ് നൽകി.
ആൽഡി പുറത്തിറക്കിയ ജൂൺ 10 ലെ കാറ്റലോഗിൽ പരസ്യം ചെയ്തിരിക്കുന്നത് പ്രകാരമുള്ള ഈസി ഹോം സ്പൈറൽ സ്പ്രിങ് മിക്സർ ടാപ്പ് ഉപയോഗിക്കുന്നത് വഴിയാണ് ഇതിൽ നിന്നും വരുന്ന വെള്ളത്തിൽ ഉയർന്ന തോതിൽ ഈയത്തിന്റെ അംശം കലരുന്നത്.
ക്വീൻസ്ലാൻഡ് ഹെൽത്ത് ഫോറൻസിക് ആൻഡ് സയന്റിഫിക് സർവീസസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ക്വീൻസ്ലാൻഡിൽ തന്നെ ഏതാണ്ട് 3000 യൂണിറ്റുകൾ വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് വീടുകളിൽ ഇവ ഘടിപ്പിച്ചിട്ടുണ്ടാവുമെന്നാണ് അധികൃതർ സംശയിക്കുന്നത്.
എന്നാൽ ഈ കുടിവെള്ള ടാപ്പിന്റെ ഗുണമേന്മയെക്കുറിച്ച് പരിശോധിച്ച ശേഷമാണ് വില്പനക്കായി എത്തിച്ചതെന്നും , ഇതേക്കുറിച്ച് ദ്രുതഗതിയിൽ അന്വേഷണം നടത്തിവരികയാണെന്നും ആൽഡിയുടെ വക്താവ് അറിയിച്ചു.
ഇവ വാങ്ങിയ ഉപഭോക്താക്കൾ അത് ഉപയോഗിച്ച് തുടങ്ങിയിട്ടില്ലെങ്കിൽ തിരികെ നൽകി പണം വാങ്ങാവുന്നതാണെന്നും ആൽഡി അറിയിച്ചു.