കാലാവസ്ഥാ വ്യതിയാനവും, പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉത്പാദനവുമെല്ലാം സജീവ ചർച്ചയാകുന്ന സമയത്താണ്, വിപ്ലവകരമായ പുതിയ കണ്ടുപിടിത്തം നടത്തിയതായി UNSW സർവകലാശാലയിലെ ശാസ്ത്രസംഘം വ്യക്തമാക്കിയിരിക്കുന്നത്.
രാത്രിയിലും സൗരോർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ലോകത്ത് തന്നെ ആദ്യമായാണ് വികസിപ്പിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ അസോസിയേറ്റ് പ്രൊഫസർ നെഡ് എകിൻസ്-ഡോക്സ് അവകാശപ്പെട്ടു.
സർവകലാശാലയിലെ സ്കൂൾ ഓഫ് ഫോട്ടോവോൾട്ടായിക് ആന്റ് റിന്യൂവബിൾ എനർജി എഞ്ചിനീയറിംഗാണ് രാത്രിയിൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന പരീക്ഷണത്തിൽ വിജയിച്ചത്.
അർദ്ധരാത്രി സൂര്യനുദിക്കുമോ?
സൗരോർജ്ജം ഉത്പാദിപ്പിക്കണമെങ്കിൽ സൂര്യപ്രകാശം വേണം എന്നതാണ് നിലവിലുള്ള സാങ്കേതിക വിദ്യയുടെ അടിസ്ഥാനതത്വം.
എന്നാൽ, സൂര്യനസ്മതിക്കുമ്പോൾ പ്രകാശം നഷ്ടമാകുമെങ്കിലും, സൂര്യതാപം ഭൂമിയിൽ തന്നെയുണ്ട് എന്ന് അസോസിയേറ്റ് പ്രൊഫസർ എകിൻസ്-നോക്സ് ചൂണ്ടിക്കാട്ടുന്നു.
ഈ സൂര്യതാപം വൈദ്യുതോർജ്ജമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയാണ് UNSW സംഘം വികസിപ്പിച്ചിരിക്കുന്നത്.
പകൽ സമയം സൂര്യതാപം ഏറ്റ് ഭൂമി ചൂടാവുകയും, രാത്രിയിൽ ആ താപം ഭൂമി അന്തരീക്ഷത്തിലേക്ക് തിരിച്ച് പ്രസരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഭൂമിയിൽ നിന്ന് തിരികെ അന്തരീക്ഷത്തിലേക്കെത്തുന്ന ഈ താപ വികിരണം വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാൻ കഴിയും എന്നാണ് UNSW ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
തെർമോ റേഡിയേറ്റീവ് ഡയോഡ് എന്ന ഉപകരണം ഉപയോഗിച്ചാണ് ഈ താപവികിരണം പിടിച്ചെടുക്കുന്നത്.
രാത്രികാല കാഴ്ചയ്ക്കുപയോഗിക്കുന്ന കണ്ണടകളിൽ (night-vision goggles) കാണുന്ന ചെറു ഉപകരണമാണ് ഇത്.
ഇൻഫ്രാറെഡ് കിരണങ്ങൾക്കൊപ്പം ഭൂമിയിൽ നിന്ന് തിരികെ അന്തരീക്ഷത്തിലേക്ക് പ്രസരിക്കുന്ന ഫോട്ടോൺ കണങ്ങളെ ഈ ഡയോഡ് പിടിച്ചെടുക്കുകയും, വൈദ്യുതിയാക്കി മാറ്റുകയും ചെയ്യുന്നു.

Thermoradiative diode Source: Courtesy: UNSW
വളരെ നേരിയ അളവിലുള്ള വൈദ്യുതി മാത്രമാണ് പരീക്ഷണഘട്ടത്തിൽ ഉത്പാദിപ്പിക്കാൻ കഴിഞ്ഞതെന്ന് ACS ഫോട്ടോണിക്സിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒരു സോളാർ പാനൽ സെൽ ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ ഒരുലക്ഷത്തിൽ ഒരു അംശം മാത്രമാണ് UNSW സംഘത്തിന് ഇത്തരത്തിൽ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്.
എന്നാൽ, ഏതൊരു പുതിയ സാങ്കേതിക വിദ്യയുടെയും തുടക്കം ഇങ്ങനെ തന്നെയാണെന്നും, ഇത്തരം വൈദ്യുതി ഉത്പാദനത്തിന്റെ സാധ്യത വെളിവാക്കുകയാണ് ഈ പഠനം ചെയ്യുന്നതെന്നും പ്രൊഫസർ എകിൻസ്-ഡോക്സ് പറഞ്ഞു.
ഈ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിച്ചുകഴിഞ്ഞാൽ സോളാർ പാനലുകളിൽ അതു കൂടി ഉപയോഗിക്കാമെന്നും, രാത്രികാലത്തും വൈദ്യുതി ഉത്പാദനം സാധ്യമാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, അതിന് “കുറച്ചുകാലം” കാത്തിരിക്കേണ്ടി വരും എന്നാണ് അദ്ദേഹം പറയുന്നത്.