മതസ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും കുട്ടികൾക്കെതിരായുണ്ടായ ലൈംഗിക പീഡനങ്ങളെക്കുറിച്ചും, അവ മറച്ചുവയ്ക്കാൻ സ്ഥാപനങ്ങളുടെ അധികൃതർ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അന്വേഷിച്ച റോയൽ കമ്മീഷനാണ് ഗവർണർ ജനറൽ പീറ്റർ കോസ്ഗ്രോവിന് റിപ്പോർട്ട് സമർപ്പിച്ചത്.
പതിനേഴ് വാല്യങ്ങളിലായുള്ള റിപ്പോർട്ടിൽ 189 പുതിയ ശുപാർശകളാണ് കമ്മീഷൻ നൽകിയത്. അഞ്ചു വർഷം നീണ്ടു നിന്ന അന്വേഷണത്തിന് ശേഷമാണ് കമ്മീഷൻ പ്രവർത്തനം പൂർത്തിയായത്.

Commissioner Justice Peter McClellan (left) and the Governor-General of Australia Peter Cosgrove Source: ROYAL COMMISSION INTO INSTITUTIONAL RESPONSES TO CHILD SEXUAL ABUSE
തെളിവുനൽകിയത് 8000 ഇരകൾ
കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള മതവിഭാഗങ്ങളുടെ സ്ഥാപനങ്ങളിലും, മറ്റു സ്ഥാപനങ്ങളിലും പീഡനം നേരിട്ട എണ്ണായിരത്തിലേറെ പേരാണ് റോയൽ കമ്മീഷന് മുന്നിൽ അനുഭവം വിവരിച്ചത്. പീഡിപ്പിച്ചും പേടിപ്പിച്ചുമാണ് കുട്ടികളെ പള്ളികളിലും പള്ളിമേടകളിലും അനാഥാലയങ്ങളിലുമൊക്കെ താമസിപ്പിച്ചിരുന്നതെന്ന് അവർ കമ്മീഷനോട് പറഞ്ഞു.
"തെറ്റുകാർ നിങ്ങളാണ്; നിങ്ങൾ പാപികൾ"
എതിർപ്പുയർത്തിയാൽ അതിക്രൂരമായ മർദ്ദനവും മറ്റ് ഉപദ്രവങ്ങളും ഏൽക്കേണ്ടി വരുമായിരുന്നുവെന്ന് സിഡ്നിയിൽ പ്രെസ്ബെറ്റേറിയൻ ഹോംസ് എന്ന അനാഥാലയത്തിൽ വച്ച് പീഡനം നേരിട്ട ചെറിൽ ബ്രീലി പറഞ്ഞു.
വൈദികർ മാറിമാറി പീഡിപ്പിക്കുമ്പോഴും, കുട്ടികളാണ് തെറ്റുകാരെന്നും അവർ പാപികളാണെന്നും പള്ളി അധികൃതർ എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നുവെന്ന് പതിനൊന്നാം വയസു മുതൽ വിക്ടോറിയിയലെ ബല്ലാററ്റിൽ കത്തോലിക്കാ പുരോഹിതരുടെ പീഡനം നേരിട്ട സ്റ്റീഫൻ വുഡ്സ് പറഞ്ഞു. മൂന്നര വർഷത്തോളം നിരവധി പുരോഹിതരാണ് സ്റ്റീഫൻ വുഡ്സിനെ പീഡിപ്പിച്ചത്.
പത്ത് വയസും പതിനൊന്ന് വയസുമുള്ള കുട്ടികളാണ് ഏറ്റവുധികം പീഡനത്തിന് ഇരയായത്. ആൺകുട്ടികളും പെൺകുട്ടികളും ഇതിൽപ്പെടുന്നു.
മതാചാരങ്ങളിൽ മാറ്റം വരുത്തണം
കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിലുണ്ടായ പീഡനത്തിന്റെ പ്രധാന കാരണം വൈദികരുടെ ബ്രഹ്മചര്യമാണെന്ന് പറയാൻ കഴിയില്ല എന്നാണ് റോയൽ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ, വൈദികരെ നിർബന്ധിതമായി ബ്രഹ്മചാരികളാക്കുന്നതും, അതിനു ശേഷം അവർക്ക് കുട്ടികളുമായി സ്വതന്ത്രമായി ഇടപെടാൻ അവസരങ്ങൾ ലഭിക്കുന്നതും പീഡനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട് എന്ന് കമ്മീഷൻ നിരീക്ഷിച്ചു.
അതിനാൽ വൈദികരുടെ ബ്രഹ്മചര്യം അടിച്ചേൽപ്പിക്കുന്നതാകരുതെന്നും, അക്കാര്യം സ്വയം തീരുമാനിക്കാൻ വൈദികർക്ക് അവസരം നൽകണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. മാത്രമല്ല, പൗരോഹിത്യത്തിലേക്ക് എത്തുന്നതിന് മുമ്പ് മാനസിക പരിശോധനയ്ക്കും, ലൈംഗിക വിഷയത്തിലെ മാനസികാരോഗ്യപരിശോധനയ്ക്കു അവർ വിധേയരാകണമെന്നും ശുപാർശയുണ്ട്.
കുമ്പസാര രഹസ്യങ്ങൾ ഒരിക്കലും പുറത്തുപറയാൻ പാടില്ല എന്ന വ്യവസ്ഥ മാറ്റാൻ ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ് വത്തിക്കാനോട് ആവശ്യപ്പെടണം എന്നാണ് റോയൽ കമ്മീഷൻ റിപ്പോർട്ടിലെ മറ്റൊരു നിർദ്ദേശം.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കുമ്പസാരക്കൂട്ടിൽ കേൾക്കുന്ന വൈദികർ, അക്കാര്യം നിയമപാലകരെ അറിയിക്കണം.

Source: Australian Government Royal Commission
പീഡന വിവരം അറിഞ്ഞിട്ടും അത് അധികൃതർക്ക് റിപ്പോർട്ട് ചെയ്യാത്തത് ക്രിമിനൽ കുറ്റമാക്കണമെന്നാണ് നിർദ്ദേശം.
ഇതിനു പുറമേ, പീഡനത്തിന്റെ ഇരകൾക്കു വേണ്ടി ദേശീയ തലത്തിൽ കൂടുതൽ നഷ്ടപരിഹാര പദ്ധതികളും സ്മാരകവും വേണമെന്നും, ഹെൽപ് ലൈനും വെബ് സൈറ്റും തുടങ്ങണമെന്നും സർക്കാരിനോടും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.
നഷ്ടപരിഹാര പാക്കേജ് ഇതിനകം തന്നെ അംഗീകരിച്ചുകഴിഞ്ഞതായും, മറ്റുള്ള നിർദ്ദേശങ്ങളും ഗൗരവമായി പരിഗണിക്കുമെന്നും ഫെഡറൽ സർക്കാർ അറിയിച്ചു.
മതാചാരങ്ങൾ മാറ്റാനാവില്ലെന്ന് കത്തോലിക്ക സഭ
റോയൽ കമ്മീഷന്റെ റിപ്പോർട്ട് ഗൗരവമായി പഠിക്കും എന്നു പറഞ്ഞ കത്തോലിക്ക സഭ, അതേസമയം തന്നെ ബ്രഹ്മചര്യം സംബന്ധിച്ചും കുമ്പസാരം സംബന്ധിച്ചുമുള്ള ശുപാർശകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
കുമ്പസാരത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതുപോലുള്ള നടപടികൾ വത്തിക്കാൻ അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്ന് സിഡ്നി ആർച്ച് ബിഷപ്പ് ആന്തണി ഫിഷറും മെൽബൺ ആർച്ച് ബിഷപ്പ് ഡെനിസ് ഹാർട്ടും പറഞ്ഞു.