വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിൽമേഖലകളിലേക്ക് വിദേശ തൊഴിലാളികളെ എത്തിക്കുന്നതിനായി പ്രത്യേക വിസകൾ പുതുതായി അനുവദിക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.
ബുട്ടീക്ക് വിസകൾ എന്ന് അറിയപ്പെടുന്ന ഈ വിസകൾ വടക്കൻ ക്വീൻസിലാൻഡിനും വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സ്വർണ്ണ ഖനികൾക്കും ആയിരിക്കും കൂടുതൽ പ്രയോജനം ചെയ്യുക എന്ന് മൾട്ടികൾച്ചറൽ മന്ത്രി അലൻ ടഡ്ജ് അറിയിച്ചു.
ചൈനീസ് സംസാരിക്കുന്ന സ്‌ക്യൂബാ ഡൈവർ, ഗ്രീക്ക് സംസാരിക്കുന്ന ഏജ്ഡ് കെയർ ജീവനക്കാർ, സ്വർണ്ണ ഖനിയിലെ ഡ്രില്ലർമാർ, ഫാം ജീവനക്കാർ എന്നിങ്ങനെ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകൾക്കാണ് പരിഗണ ലഭിക്കുന്നതെന്ന് അലൻ ടഡ്ജ് കൂട്ടിച്ചേർത്തു.
ബുട്ടീക്ക് വിസകൾ
ഒരു പ്രത്യേക തൊഴിൽമേഖലയിൽ 600 ൽ പരം തൊഴിലാളികളെ ആവശ്യമുള്ള സാഹചര്യത്തിൽ ആണ് സാധാരണയായി സ്‌കിൽഡ് വിസ അനുവദിക്കുന്നത്.
എന്നാൽ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള, വളരെക്കുറച്ച് മാത്രം തൊഴിലാളികളെ ആവശ്യമുള്ള സന്ദർഭങ്ങളിൽ ഈ തൊഴിൽ മേഖലകളെ സ്‌കിൽഡ് വിസ വിഭാഗങ്ങളിലേക്ക് ഉൾപ്പെടുത്താൻ സാധിക്കില്ല.
ഇത്തരത്തിൽ പ്രാദേശികമായി തൊഴിലാളികളെ കണ്ടെത്താൻ സാധിക്കാത്ത സന്ദർഭങ്ങളിൽ വിദേശ തൊഴിലാളികൾക്ക് വിസ നൽകാൻ സർക്കാറിന് സാധിക്കും. വ്യവസായ സ്ഥാപനങ്ങൾക്കും ഉൾനാടൻ പ്രദേശങ്ങൾക്കുമായി അനുവദിച്ചു നൽകുന്ന ഇത്തരം വിസകൾക്കാണ് ബുട്ടീക്ക് വിസകൾ എന്ന് പറയുന്നത്.
എന്നാൽ ഈ വിസകൾ ലഭിക്കുന്നതിനായി പ്രാദേശിക തൊഴിലാളികളെ ലഭ്യമല്ലെന്ന് വ്യവസായ സ്ഥാപനങ്ങൾ തെളിയിക്കേണ്ടതുണ്ട്.
നിലവിൽ 322 ഓളം വിസകൾ ഇത്തരത്തിൽ അനുവദിച്ചിട്ടുണ്ട്. ഇത്തരം വിസകളിൽ ഓസ്‌ട്രേലിയയിൽ എത്തുന്നവർക്ക് പിന്നീട് പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ സാധിക്കും.
പുതിയ പദ്ധതിയിലൂടെ ഉൾനാടൻ പ്രദേശങ്ങൾക്ക് കൂടുതൽ വിസ അനുവദിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അലൻ ടഡ്ജ് പറഞ്ഞു.