പനഡീൻ, ന്യുറോഫെൻ പ്ലസ്, കോഡ്റാൽ , ഫ്ലുവിനുള്ള മരുന്നുകൾ തുടങ്ങിയ കോഡീൻ അടങ്ങിയ മരുന്നുകളാണ് ഡോക്ടറുടെ കുറിപ്പോടെ മാത്രം വാങ്ങാൻ കഴിയുന്ന മരുന്നുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവയെല്ലാം തന്നെ നിലവിൽ ഉപഭോക്താക്കൾക്ക് കൗണ്ടറിൽ നിന്നും നേരിട്ട് വാങ്ങാവുന്നവയാണ്.
ഇവ നേരിട്ട് കൗണ്ടറിൽ നിന്നും വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനും, ഇത്തരം മരുന്നുകൾക്ക് ഡോക്ടറുടെ കുറിപ്പ് നിർബന്ധമാക്കാനും വേണ്ടി മെഡിസിൻസ് ഷെഡ്യുളിങ്ങിന്റെ ഉപദേശക സമിതിയാണ് ആരോഗ്യ വകുപ്പിന് ശുപാർശ സമർപ്പിച്ചത്.
ഇത് അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉടൻ ഉണ്ടാകുമെന്ന് ഹെറാൾഡ് സൺ ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഈ ശുപാർശ ഉപദേശക സമിതി 2015 ഒക്ടോബറിൽ മുൻപോട്ടു വച്ചിരുന്നു. എന്നാൽ, ഇതിനോട് ഉപഭോക്താക്കളും, മരുന്ന് വ്യാപാരികളും ശക്തമായ പ്രതിഷേധമറിയിച്ചതാണ് തീരുമാനം വൈകുവാനുള്ള കാരണം.
ചില പാരസെറ്റാമോളിൽ കോഡീൻ എന്ന വേദന സംഹാരി അടങ്ങിയിട്ടുണ്ട്. പാരസെറ്റാമോളിലെ ഇവയുടെ സാന്നിധ്യം വേദനയുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്നില്ലെന്നും, മറിച്ച് ഇത് ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുമെന്നും അഡിക്ഷൻ മെഡിസിനിൽ വിദഗ്ദ്ധനായ ഡോ ഹെസ്റ്റർ വിൽസൺ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിൽ കോഡീന്റെ അംശം അടങ്ങിയിട്ടുള്ള മരുന്നുകളുടെ അമിത ഉപയോഗം മൂലം ഏകദേശം 460,000 പേർക്ക് വിട്ടുമാറാത്ത തലവേദന പിടിപെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .
മാത്രമല്ല , ഇവ ഉപയോഗിക്കുന്നത്, ഇത്തരം മരുന്നുകൾ സ്ഥിരമായി ആശ്രയിക്കേണ്ട ഒരവസ്ഥയിലേക്ക് രോഗിയെ എത്തിക്കുമെന്നും ഡോ വിൽസൺ പറയുന്നു.
കൂടാതെ, മാസത്തിൽ കുറഞ്ഞത് പത്തു ദിവസമെങ്കിലും കോഡീൻ അടങ്ങിയ വേദന സംഹാരികൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കളിൽ മൈഗ്രെയ്ൻ എന്ന രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഈ ശുപാർശയെ പിന്തുണയ്ക്കുന്ന ന്യൂറോളജിസ്റ് പ്രൊഫസർ റിച്ചാർഡ് സ്റ്റാർക് മുന്നറിയിപ്പ് നൽകുന്നു.
ഇക്കാരണത്താലാണ് കോഡീൻ അടങ്ങിയ മരുന്നുകൾ ഉപഭോക്താക്കൾക്കു നേരിട്ട് വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ ശുപാർശ നൽകിയതും.