SKIP TO MAIN CONTENT

വിക്ടോറിയയിൽ Myki പിഴ കിട്ടിയോ; അത് അടയ്ക്കണോ എന്നറിയാൻ ഒരു വെബ്സൈറ്റ്

വിക്ടോറിയയിൽ യാത്രക്കിടയിൽ ടിക്കെറ്റ് ഇൻസ്പെക്ടർ പിഴ ഈടാക്കിയോ? പിഴ അടയ്ക്കണോ അതോ അപ്പീൽ പോകണോ എന്ന ചിന്തയിലാണ് നിങ്ങളെങ്കിൽ, ഈ വെബ്സൈറ്റ് പറഞ്ഞുതരും ഇനിയെന്ത് വേണമെന്ന്..

Website for myki fines
Source: Wikimedia/MDRX CC VY-SA 4.0

2 min read

Published

Updated

By Salvi Manish


Skip to article content

Myki കാർഡുമായി യാത്ര ചെയ്തിട്ടും അത് അസാധുവാണെന്ന് ചൂണ്ടിക്കാട്ടി നിരവധി യാത്രക്കാരിൽ നിന്ന് ടിക്കറ്റ് ഇൻസ്പെക്ടർമാർ പിഴയീടാക്കുന്നതായി പരാതി ഉയരുന്നുണ്ട്. മിക്കവർക്കും ഓൺ-ദ-സ്പോട്ട് $75 ഫൈനാണ് നൽകേണ്ടിവന്നിട്ടുള്ളത്.

എന്നാൽ, കൃത്യമായി റീചാർജ് ചെയ്ത മൈകീ കൊണ്ടു യാത്ര ചെയ്യാൻ ശ്രമിച്ചിട്ടും ഫൈൻ ഈടാക്കുകയാണെങ്കിൽ, അത് അടയ്ക്കുന്നതിന് മുന്പ് നിങ്ങളുടെ അവകാശങ്ങൾ പരിശോധിക്കാനാണ്  മെൽബണിലെ കുറച്ച് അഭിഭാഷക സുഹൃത്തുക്കൾ ചേർന്ന് ഒരു വെബ്സൈറ്റ് രൂപീകരിച്ചത്.   mykifines.org.au

പിഴ അടക്കാൻ യാത്രാമധ്യേ ടിക്കറ്റ്‌ ഇൻസ്പെക്ടർ ആവശ്യപ്പെട്ടാൽ, നിങ്ങൾക്ക് ഈ വെബ്സൈറ്റിൽ പോയി പിഴ ഈടാക്കിയ സാഹചര്യത്തിന്റെ നിയമവശങ്ങൾ മനസ്സിലാക്കാം. കൂടാതെ, ഈ പിഴ യാത്രാമദ്ധ്യേ തന്നെ അടക്കേണ്ട ആവശ്യം ഉണ്ടോ എന്നും അറിയാൻ സാധിക്കും. ഇത്തരം വിഷമഘട്ടത്തെ മറികടക്കാൻ സഹായിക്കുകയാണ് ഈ വെബ്സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്  വെബ്സൈറ്റ് രൂപീകരണത്തിൽ പങ്കു വഹിച്ച Young Liberty for Law Reform (YLLR)ലെ എമ്മ ബക് ലെന്നൊക്സ് ചൂണ്ടിക്കാട്ടി.

ഈ വെബ്സൈറ്റ് ഉപയോഗിക്കുന്ന യാത്രക്കാർക്ക് അവരുടെ യാത്രയുടെ വിവരങ്ങളും, പിഴ ഈടാക്കിയ സാഹചര്യവും ഉൾപ്പെട്ട ഒരു ചോദ്യാവലി നല്കും. ഇത് ഓൺലൈൻ ആയി പൂരിപ്പിച്ചു കഴിഞ്ഞാൽ പിഴയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന് എമ്മ ബക് ലെന്നൊക്സ് പറയുന്നു.

അതേസമയം, ഇതിലൂടെ നിയമോപദേശം നല്കുകയല്ല ഉദ്ദേശമെന്നും, മറിച്ച്, തിരക്കിട്ട യാത്രക്കിടയിൽ പിഴ അടയ്ക്കേണ്ടി വരുന്ന യാത്രക്കാരെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും  എമ്മ കൂട്ടിച്ചേർത്തു .

 അസാധുവായ myki ടിക്കറ്റുമായി യാത്ര ചെയ്ത് പിഴ ഇടാക്കിയാൽ, രണ്ട് വിധത്തിലാണ് സാധാരണയായി പിഴ  അടയ്ക്കേണ്ടത്‌.

ഒന്നുകിൽ $75 ഓൺ ദ സ്പോട്ട് പിഴ കൊടുത്തു പ്രശ്നം തീർക്കാം. അല്ലെങ്കിൽ പിന്നീട് പിഴ അടയ്ക്കാനായുള്ള നോട്ടീസ് കൈപ്പറ്റാം. പിന്നീടാണ് പിഴ അടയ്ക്കുന്നതെങ്കിൽ $223 നൽകേണ്ടിവരും. ഇതിനെതിരെ അപ്പീൽ നൽകാനും അവസരമുണ്ട്. 

പക്ഷേ ആലോചിച്ചു നിന്നാൽ കൂടുതൽ പിഴ നൽകേണ്ടി വരും എന്ന യാത്രക്കാരുടെ ആശയക്കുഴപ്പം മുതലെടുത്ത്, അവരെ ഓൺ ദ സ്പോട്ട് പിഴയടപ്പിക്കാൻ ടിക്കറ്റ് ഇൻസ്പെക്ടർമാർ ശ്രമിക്കുന്നു എന്ന ആരോപണം വ്യാപകമാണ്. പിഴയടച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും എന്ന് ഭീഷണിപ്പെടുത്തുന്നതായും ചില യാത്രക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഈ സാഹചര്യത്തിലാണ് പുതിയ വെബ്സൈറ്റ് യാത്രക്കാർക്ക് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നത്. 

അസാധുവായ myki ടിക്കെറ്റുമായി യാത്ര ചെയ്തതിന് കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം  250,000 യാത്രക്കാരിൽ നിന്നുമാണ് പിഴ ഈടാക്കിയിട്ടുള്ളത്. ഇതുവഴി 44 മില്ല്യൻറെ വരുമാനമാണ് പബ്ലിക്‌ ട്രാൻസ്പോർട്ട്  വിക്ടോറിയക്ക് ലഭിച്ചിട്ടുള്ളത്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now