രഞ്ജിത് മുക്രിയുടെ അനുഭവം
ആറു മാസം മുന്പു തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് അതുമായി ഇന്ത്യയിലേക്ക് അവധിയാഘോഷിക്കാൻ പോയതായിരുന്നു രഞ്ജിത് മുക്രിയും കുടുംബവും. തിരിച്ചുള്ള യാത്രയിൽ ക്വാലാലംപൂരിൽ എത്തിയപ്പോഴാണ് ഈ സംഭവം.
ക്വാലാലംപൂരിൽ നിന്ന് 10.15ന് വിമാനം പുറപ്പെടുമെന്നാണ് രഞ്ജിത്തിൻറെ ഇ ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 8.50 ന് തന്നെ ഈ വിമാനം പുറപ്പെട്ടു. ബോർഡിംഗ് പാസിൽ സമയം കൃത്യമായി അച്ചടിച്ചിരുന്നെങ്കിലും, ഇ ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന സമയം പിന്തുടർന്നതു കാരണം അത് ശ്രദ്ധിച്ചില്ല എന്ന് രഞ്ജിത് പറയുന്നു. ഇതേക്കുറിച്ച് രഞ്ജിത് മുക്രി വിശദീകരിക്കുന്നത് ഇവിടെ കേൾക്കാം ..ബോർഡിംഗ് പാസിലെ സമയം നോക്കാതിരുന്നത് തൻറെ തെറ്റാണെന്ന് രഞ്ജിത് മുക്രി സമ്മതിക്കുന്നു. എന്നാൽ ഇ-ടിക്കറ്റിലെ സമയം പല തവണ നോക്കുകയും, അത് മനസിൽ നിൽക്കുകയും ചെയ്യുന്പോൾ ബോർഡിംഗ് പാസ് നോക്കുന്ന പതിവില്ല എന്നാണ് അദ്ദേഹത്തിൻറെ വാദം.
(ട്രാവൽ ഏജൻസിയുടെ വിശദീകരണം കിട്ടാത്തതിനാലാണ് രഞ്ജിത്തിന്റെ ഈ അഭിമുഖത്തിൽ നിന്ന് ഏജൻസിയുടെ പേര് ഞങ്ങൾ ഒഴിവാക്കിയത്. അഭിമുഖം പ്രക്ഷേപണം ചെയ്തപ്പോൾതന്നെ ട്രാവൽ ഏജൻസിയുടെ മറുപടി ഞങ്ങൾ തേടിയിരുന്നു)
ട്രാവൽ ഏജൻസിയുടെ മറുപടി
മെൽബണിലെ ഗൌര ട്രാവൽസ് എന്ന സ്ഥാപനം വഴിയായിരുന്നു രഞ്ജിത് ടിക്കറ്റെടുത്തത്. ടിക്കറ്റിലെ സമയത്തിൽ എങ്ങനെ മാറ്റമുണ്ടായി, ആരുടെ പിഴവ് മൂലമാണ് ഇത് സംഭവിച്ചത് എന്നറിയാൻ എസ് ബി എസ് മലയാളം ഗൗര ട്രാവൽസിനെ ബന്ധപ്പെട്ടു. ഇക്കാര്യം പരിശോധിക്കാൻ കുറച്ച് സമയം വേണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. പരിശോധിച്ച ശേഷം ട്രാവൽസ് ഇമെയിൽ മുഖേന നൽകിയ വിശദീകരണം ഇങ്ങനെയാണ്:
"രഞ്ജിത് യാത്ര ചെയ്ത ദിവസം വിമാനം റീഷെഡ്യൂൾ ചെയ്തിരുന്നു. അക്കാര്യം അറിയാത്തതിനാലാണ് അദ്ദേഹത്തിന് വിമാനം നഷ്ടമായത്."
മലേഷ്യൻ എയർലൈൻസിൽ നിന്ന് ലഭിച്ച ഒരു ഇമെയിലും അവർ ഞങ്ങൾക്ക് അയച്ചു തന്നിരുന്നു.
ഈ മറുപടി ലഭിച്ച സാഹചര്യത്തിൽ മലേഷ്യൻ എയർലൈൻസ് വിമാനത്തിൻറെ വെബ്സൈറ്റ് ഞങ്ങൾ പരിശോധിച്ചു. രഞ്ജിത് യാത്ര ചെയ്ത ജനുവരി 23 ന് മാത്രമല്ല, അതിന് മുന്പും ശേഷവുമുള്ള ദിവസങ്ങളിലെല്ലാം 8.50 ന് തന്നെയായിരുന്നു ഈ വിമാനം പുറപ്പെട്ടത് എന്നാണ് വെബ്സൈറ്റിൽ നിന്നും മനസിലാക്കാൻ സാധിച്ചത് .
ഇത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിൽ മലേഷ്യൻ എയർലൈൻസിൻറെ അധികൃതരെയും ഞങ്ങൽ ബന്ധപ്പെട്ടു.
മലേഷ്യൻ എയർലൈൻസിന്റെ പ്രതികരണം
മലേഷ്യൻ എയർലൈൻസ് എസ് ബി എസ് മലയാളത്തിന് ഇമെയിൽ മുഖേന നൽകിയ മറുപടിയിൽ പറയുന്നത് 2016 ഓഗസ്റ്റ് മൂന്നിന് തന്നെ വിമാനത്തിൻറെ ഷെഡ്യൂൾ മാറ്റിയിരുന്നു എന്നാണ്.

Source: SBS Malayalam
രഞ്ജിത് മുക്രി ടിക്കറ്റ് ബുക്ക് ചെയ്തത് ഈ സമയമാറ്റം പ്രാബല്യത്തിൽ വരുന്നതിനും മുന്പാണ്. 2016 ജൂലൈയിൽ. അതുകൊണ്ടാണ് അദ്ദേഹത്തിന് ലഭിച്ച ഇ ടിക്കറ്റിൽ പത്തേകാൽ എന്ന സയമം അച്ചടിച്ചുവന്നത്. 

e-ticket Source: SBS Malayalam
ഓഗസ്റ്റിൽ വിമാനത്തിൻറെ ഷെഡ്യൂൾ മാറ്റിയപ്പോൾ അക്കാര്യം യാത്രക്കാരനെ അറിയിക്കേണ്ട ഉത്തരവാദിത്തം ട്രാവൽ ഏജൻറിനാണെന്നും, അങ്ങനെ അറിയിച്ചിട്ടില്ലെങ്കിൽ വീണ്ടും ഏജൻറിനെ തന്നെ ബന്ധപ്പെടാനുമായിരുന്നു മലേഷ്യൻ എയർലൈൻസ് അധികൃതരുടെ നിർദ്ദേശം. വീണ്ടും ഗൌര ട്രാവൽസിനെ ബന്ധപ്പെട്ടെങ്കിലും ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ തയ്യാറല്ല എന്നാണ് അവർ വ്യക്തമാക്കിയത്.
ഇതേക്കുറിച്ച് രഞ്ജിത്തിന്റെ പ്രതികരണം
വ്യക്തമായ ഒരു മറുപടി ഇതുവരെ ലഭിച്ചിട്ടില്ല എന്ന് രഞ്ജിത് മുക്രിയും പറയുന്നു. 2016 ഓഗസ്റ്റിൽ ഷെഡ്യൂളിൽ മാറ്റം വരുത്തി എന്ന വാദത്തിലും സംശയമുണ്ടെന്ന് രഞ്ജിത് ചൂണ്ടിക്കാട്ടി.
സംഭവം നടന്ന് ഒന്നര മാസത്തോളമായിട്ടും വ്യക്തമായ ഒരു മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ, അധികൃതർക്ക് പരാതി നൽകാനാണ് രഞ്ജിത് മുക്രി ആലോചിക്കുന്നത്. ഓസ്ട്രേലിയൻ ട്രാവൽ ഏജൻറുമാരുടെ കൂട്ടായ്മയായ ATAS ന് പരാതി നൽകിക്കഴിഞ്ഞെന്നും, ഇനി വിക്ടോറിയൻ ഉപഭോക്തൃസമതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിലെ എല്ലാ ഭാഗവുമായും ബന്ധപ്പെട്ടിട്ടും എവിടെയാണ് വീഴ്ച പറ്റിയത് എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം ഇതുവരെയും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. ATAS ൽ നിന്നും, ഉപഭോക്തൃസമിതിയിൽ നിന്നും രഞ്ജിത്തിന് എന്തു മറുപടി ലഭിക്കുന്നു എന്ന കാര്യവും ഞങ്ങൾ തുടർന്ന് പരിശോധിക്കുന്നുണ്ടാകും.
ഇത് രഞ്ജിത് എന്ന ഒരു യാത്രക്കാരൻറെ വ്യക്തിപരമായ അനുഭവമാണെങ്കിലും, വിമാനയാത്രയുായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങൾ ഉണ്ടാകാം എന്ന കാര്യം മറ്റു ശ്രോതാക്കളെ കൂടി അറിയിക്കുന്നതിനു വേണ്ടിയാണ് എസ്ബി എസ് മലയാളം ഈ സംഭവം റിപ്പോർട്ട് ചെയ്തതും. വിമാനയാത്രക്കിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു അഭിമുഖം ഉടൻ എസ് ബി എസ് മലയാളം വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും നൽകുന്നതായിരിക്കും.