ടൊറന്റോ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ഒരുമിച്ച് നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. വൈറ്റമിനുകളും ഒട്ടുമിക്ക ആന്റി ഓക്സിഡന്റ് ഗുളികകളും ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിലായിരുന്നു പ്രധാനമായും പഠനം നടത്തിയത്.
സാധാരണയായി ഉപയോഗിക്കുന്ന വൈറ്റമിൻ സി, വൈറ്റമിൻ ഡി ഗുളികകൾ ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും പ്രതിരോധിക്കുന്നതിൽ ഒട്ടും പ്രയോജനപ്രദമല്ലെന്ന് പഠനം കണ്ടെത്തി. അതേസമയം വൈറ്റമിൻ A, വൈറ്റമിൻ E, വൈറ്റമിൻ B3 എന്നിവ മരണസാധ്യത വർധിപ്പിക്കുന്നു എന്നാണ് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാൽ ഫോളിക് ആസിഡുകൾ പക്ഷാഘാതത്തെ ഒരു പരിധി വരെ പ്രതിരോധിക്കുന്നതായും പഠന കണ്ടെത്തലുണ്ട്.
ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തി ശരീരത്തിനാവശ്യമായ വൈറ്റമിനുകളും ലവണങ്ങളും നേടുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഈ റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തുന്നില്ലെന്ന് അഡ്‌ലൈഡ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസിലുള്ള ഡോ. ഇയാന്‍ മസ്‌ഗ്രേവ് പറഞ്ഞു. കൂടുതല്‍ വൈറ്റമിനുകള്‍ കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും എന്ന് പലരും കരുതുന്നതായും, എന്നാല്‍ ഈ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ റിപ്പോര്‍ട്ടിനെതിരെ കോംപ്ലിമെന്ററി മെഡിസിന്‍സ് ഓസ്‌ട്രേലിയയുടെ സി ഇ ഒ കാള്‍ ഗിബ്‌സണ്‍ രംഗത്തെത്തി. ഓസ്‌ട്രേലിയിയല്‍ ലഭിക്കുന്ന വൈറ്റമിന്‍ ഗുളികകളും മറ്റ് പോഷക സപ്ലിമെന്റുകളും കൃത്യമായ ഗുണനിലവാരം പാലിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തമായ മാനദണ്ഡങ്ങളോടെയാണ് ഓസ്‌ട്രേലിയയില്‍ ഈ മേഖല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.