SKIP TO MAIN CONTENT

വെസ്റ്റ്പാക് ബാങ്ക് ഹോം ലോൺ പലിശനിരക്ക് വർദ്ധിപ്പിച്ചു; മറ്റു ബാങ്കുകളും കൂട്ടാൻ സാധ്യത

ഹോം ലോണുകൾക്കുള്ള വേരിയബിൾ പലിശ നിരക്കിൽ 0.14 ശതമാനത്തിന്റെ വർദ്ധനവ് വരുത്താൻ വെസ്റ്റ്പാക് ബാങ്ക് തീരുമാനിച്ചു. വെസ്റ്റ്പാകിനു പുറമേ മറ്റു പ്രമുഖ ബാങ്കുകളും പലിശ നിരക്ക് കൂട്ടും എന്നാണ് റിപ്പോർട്ടുകൾ.

The logo of Westpac is displayed outside a bank branch in Sydney
The logo of Westpac is displayed outside a bank branch in Sydney Source: AAP

1 min read

Published

Updated


Skip to article content

തുടർച്ചയായ 24ാം മാസവും പലിശ നിരക്ക് കുറച്ചു നിർത്താൻ റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ തീരുമാനിച്ചതിനു പിന്നാലെയാണ്, വേരിയബിൾ ഹോം ലോണുകളുടെ പലിശ വർദ്ധിപ്പിക്കുന്നതായി രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ വെസ്റ്റ്പാക് പ്രഖ്യാപിച്ചത്. 

2016 മുതൽ ഒന്നര ശതമാനം എന്ന നിരക്കിലാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാന പലിശനിരക്ക്. 

എന്നാൽ സെപ്റ്റംബർ 19 മുതലാണ് പലിശ നിരക്കിൽ 0.14 ശതമാനത്തിന്റെ വർദ്ധനവ് വെസ്റ്റ്പാക് പ്രഖ്യാപിച്ചത്. സ്വന്തമായി താമസിക്കാനുള്ള വീടിലെ (owner occupier) ലോണുകൾക്ക് 5.38 ശതമാനവും ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടികൾക്ക് 5.93 ശതമാനവുമായിരിക്കും പുതിയ പലിശനിരക്ക്. 

നാലു ലക്ഷം ഡോളർ വായ്പയുള്ള ഒരാൾക്ക് വർഷം കുറഞ്ഞത് 430 ഡോളർ പലിശയിനത്തിൽ ഇനി അധികമായി നൽകേണ്ടി വരും. 

AMP, മക്വാറീ ബാങ്ക്, ING, നിരവധി ചെറുകിട ബാങ്കുകൾ തുടങ്ങിയവർ കഴിഞ്ഞ മാസങ്ങളിൽ നിരക്ക് കൂട്ടിയിരുന്നു. വെസ്റ്റ്പാകിന്റെ ഈ നടപടിയോടെ മറ്റു പ്രമുഖ ബാങ്കുകളും നിരക്ക് കൂട്ടും എന്നാണ് സൂചന. 

നിലവിലുള്ള ലോണുകൾക്കും ഈ പുതിയ പലിശ നിരക്ക് ബാധകമാകും. ലക്ഷക്കണക്കിന് പേരെയാണ് ഇത് ബാധിക്കുക. 

ഏറെപ്പേർക്ക് പ്രയാസമുണ്ടാകുന്നതാകും ഈ തീരുമാനമെന്നും, എന്നാൽ ഫണ്ടിംഗ് കണ്ടെത്തുന്നതിനുള്ള ചെലവ് വർദ്ധിച്ചതുകൊണ്ടാണ് പലിശ നിരക്ക് കൂട്ടുന്നതെന്നും വെസ്റ്റ്പാക് സി ഇ ഒ ബ്രയാൻ ഹാർട്സർ പറഞ്ഞു. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now