അനുകൂലമായ കാലാവസ്ഥയുടെ കൂടെ കഴിഞ്ഞ ദിവസങ്ങളിൽ മഴയും ലഭിച്ചതോടെ വിക്ടോറിയയിൽ പലയിടത്തും വിഷക്കൂണുകൾ വ്യാപിച്ചിരിക്കുകയാണ്. ഇതിൽ അതീവ വിഷകാരിയായ "ഡെത് ക്യാപ്" എന്ന കൂണും ഉൾപ്പെടുന്നു.
കൂൺ വിഷത്തിൽ നിന്നുള്ള മരണങ്ങളിൽ മുഖ്യ പങ്കും "ഡെത്ത് ക്യാപ്" ഇനത്തിൽ പെട്ട കൂണുകളിലൂടെയാണ് സംഭവിക്കുന്നത് എന്ന് വിക്ടോറിയൻ ആരോഗ്യവകുപ്പിന്റെ ചീഫ് ചാൾസ് ഗസ്റ്റ് പറയുന്നു. പൂർണ്ണമായും ഉറപ്പില്ലാത്ത കൂണുകൾ പറിച്ച് കഴിക്കുന്നത് ഒഴിവാക്കണമെന്നും, പകരം ഇവ വാങ്ങി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വിക്ടോറിയയിൽ മെല്ബണിന്റെ പ്രാന്തപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും വിഷ കൂണുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഓക്ക് മരങ്ങളുടെ അടിയിലായാണ് ഇവ കാണപ്പെടുന്നത്.
സൗത്ത് ഓസ്‌ട്രേലിയയിലും പ്രത്യേക ജാഗ്രത നിർദ്ദേശം
കൂണുകളുടെ പുതിയ രുചികൾ അന്വേഷിച്ച് അഡ്‌ലൈഡ് ഹിൽസിൽ പോകുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ് നൽകുന്നു സൗത്ത് ഓസ്‌ട്രേലിയയുടെ ചീഫ് മെഡിക്കൽ ഓഫീസർ ആയ ഡോ: നിക്കോൾ സ്പുരിയർ. കാട്ടിൽ കാണുന്നവയിൽ ചില ഇനങ്ങൾ ഭക്ഷ്യ യോഗ്യമാണെങ്കിലും വിഷമുള്ളവയെ തിരിച്ചറിയാൻ പ്രയാസമാണെന്നും അതുകൊണ്ട് ഉറപ്പില്ലെങ്കിൽ സ്വന്തം വീട്ടുമുറ്റത്ത് നിന്ന്പോലും കൂണുകൾ പറിച്ച് ഉപയോഗിക്കരുതെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
സൗത്ത് ഓസ്‌ട്രേലിയയിൽ അഡ്‌ലൈഡ് ഹിൽസിൽ ഡെത്ത് ക്യാപ് ഇനത്തിൽ പെട്ട കൂണുകൾ പെരുകുന്നുണ്ടെന്ന് ഗവേഷകയായ പാം കാച്ചസൈഡ് പറഞ്ഞു. ഓസ്‌ട്രേലിയൻ വിഷക്കൂണുകളും തിരിച്ചറിയാൻ പ്രയാസമാണെന്നും അതുകൊണ്ട് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ പ്രത്യേക ശ്രദ്ധ വെക്കണമെന്നും പാം മുന്നറിയിപ്പ് നൽകുന്നു.
ഡെത് ക്യാപ്, യെല്ലോ സ്‌റ്റെയ്‌നിങ് (yellow-staining varieties) വിഭാഗങ്ങളിൽ ഉള്ള കൂണുകളിൽ നിന്ന് വിഷമേൽക്കുമ്പോൾ സാധാരണയായി വിഷം കരളിനെ ബാധിച്ച് 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. അതുകൊണ്ട് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങൾ ആയ ക്ഷീണം, വയറുവേദന, അതിസാരം തുടങ്ങിയവ ഉണ്ടാവുമ്പോൾ തന്നെ അടിയന്തിര വൈദ്യ സഹായം തേടണമെന്ന് ചാൾസ് ഗസ്റ്റ് അറിയിക്കുന്നു.