SKIP TO MAIN CONTENT

വീടിനു സമീപത്തെ മരം മുറിച്ചു: സിഡ്‌നി സ്വദേശിനിക്ക് 83,000 ഡോളര്‍ പിഴ

കൗണ്‍സിലിന്റെ അനുമതിയില്ലാതെ മരം മുറിച്ചുമാറ്റിയ സിഡ്‌നി സ്വദേശിനിക്ക് കോടതി 83,000 ഡോളര്‍ പിഴശിക്ഷ വിധിച്ചു.

Axe Tree Chopping Hack Cases Woodworking Wood
Axe Tree Chopping Hack Cases Woodworking Wood Source: pic: https://www.maxpixel.net/

1 min read

Published


Skip to article content

വടക്കന്‍ സിഡ്‌നിയിലെ ഹണ്ടേഴ്‌സ് ഹില്ലിലുള്ള യ്വെലിംഗ് ലിയു എന്ന സ്ത്രീക്കാണ് കോടതി പിഴശിക്ഷ വിധിച്ചത്.

നീന്തല്‍ക്കുളത്തിലേക്ക് ഇലകള്‍ വീഴുന്നു എന്ന പേരില്‍ വീടിനു സമീപത്തുള്ള രണ്ടു മരങ്ങള്‍ ലിയു മുറിച്ചുമാറ്റിയിരുന്നു. അയല്‍പക്കത്തു നിന്ന മരങ്ങളായിരുന്നു ഇവ.

ഈ മേഖലയില്‍ തദ്ദേശീയമായി കാണുന്ന ചീസ് ട്രീ എന്ന വിഭാഗത്തില്‍പ്പെടുന്ന മരങ്ങളാണ് മുറിച്ചു മാറ്റിയത്. കൗണ്‍സിലിന്റെ അനുമതിയില്ലാതെ ഒരു കോണ്‍ട്രാക്ടറെ വിളിച്ചാണ് 2016ല്‍ ലിയു മരങ്ങള്‍ മുറിച്ചത്.

ഇക്കാര്യമറിഞ്ഞ് കൗണ്‍സില്‍ ജീവനക്കാര്‍ ഇവിടേക്കെത്തിയപ്പോള്‍ വ്യത്യസ്ത കാരണങ്ങളായിരുന്നു ലിയു അവരോട് പറഞ്ഞത്.

നീന്തല്‍ക്കുളത്തിലേക്ക് ഇലകള്‍ വീഴുന്നതിനാല്‍ മരം മുറിച്ചുമാറ്റി എന്നതായിരുന്നു ഒരു കാരണം.

ഇടിമിന്നലുണ്ടാകുമ്പോള്‍ മരത്തില്‍ നിന്ന് വൈദ്യുതി സ്പാര്‍ക്ക് ഉണ്ടാകുന്നുവെന്ന കാരണവും ലിയു ചൂണ്ടിക്കാട്ടി.

അതേസമയം, ഇവയുള്‍പ്പെടെ 10 മരങ്ങള്‍ മുറിച്ചു മാറ്റാന്‍ 2014ല്‍ തന്നെ ലിയു കൗണ്‍സിലിന് അപേക്ഷ നല്‍കിയിരുന്നതാണെന്ന് കോടതി കണ്ടെത്തി. കൂടുതല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന കാര്യം കരാറുകാരനോട് അന്വേഷിച്ചിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

കൗണ്‍സിലിന്റെ അനുമതി വേണമെന്ന് അറിയാമായിരുന്നിട്ടും അതു ലഭിക്കുന്നതിനു മുമ്പ് ബോധപൂര്‍വം ലിയു മരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു എന്ന കാര്യം ഇതില്‍ നിന്ന് വ്യക്തമാണെന്ന് ലാന്റ് ആന്റ് എന്‍വയണ്‍മെന്റ് കോടതി ജസ്റ്റിസ് ടിം മൂര്‍ ഉത്തരവില്‍ പറഞ്ഞു.

മരം മുറിച്ചതിനുള്ള പിഴയായി 48,000 ഡോളറും, കൗണ്‍സിലിന്റെ കോടതി ചെലവായി 35,000 ഡോളറും നല്‍കാനാണ് ഉത്തരവ്.

വീടിനു സമീപത്തെ 13 മരങ്ങള്‍ മുറിച്ചുമാറ്റിയതിന് മറ്റൊരാള്‍ക്ക് ഇതേ കോടതി നേരത്തേ 75,000 ഡോളര്‍ പിഴ വിധിച്ചിരുന്നു.

ഈ വിധികളെ ഹണ്ടേഴ്‌സ് ഹില്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. തദ്ദേശീയമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയാന്‍ ഈ വിധി സഹായിക്കുമെന്ന് കൗണ്‍സില്‍ ഡെപ്യൂട്ടി മേയര്‍ റോസ് വില്യംസ് പറഞ്ഞു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now