ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് രോഗം പടർന്നു തുടങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ സജ്ജീവമാണ്. ഇതിന് പുറമെയാണ് സാഹചര്യം മുതലെടുത്തുകൊണ്ട് തട്ടിപ്പുകാരും രംഗത്തെത്തിയിരിക്കുന്നത്.
വ്യാജ ഇമെയിലിലൂടെയും എസ് എം എസ് ലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാമാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്.
രാജ്യത്ത് വ്യാപകമായിരിക്കുന്ന തട്ടിപ്പുകൾ ഇവയാണ്.
വ്യാജ മരുന്നും മാസ്കും
കൊറോണവൈറസ് കൂടുതലായി പടർന്നു തുടങ്ങിയതോടെ മാസ്‌ക്കുകളും ഹാൻഡ് സാനിറ്റൈസർ പോലുള്ള രോഗത്തിൽ നിന്നും സംരക്ഷണം നേടാനുള്ള ഉൽപ്പന്നങ്ങളുടെ ക്ഷാമവും വിപണിയിൽ രൂക്ഷമാണ്.
ഈ സമയത്ത് ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങിയവരുടെ എണ്ണവും വർധിച്ചതോടെ ഇത്തരക്കാരെ ലക്ഷ്യമിമിട്ടാണ് തട്ടിപ്പുകൾ വ്യാപകമാകുന്നത്.
കൊറോണയിൽ നിന്ന് സംരക്ഷണം നേടാൻ മാസ്കും വാക്‌സിനും മറ്റും ഓൺലൈനായി വില്പന നടത്തിയാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. ഓൺലൈൻ ആയി ഇത്തരം സാധനങ്ങൾ ഓർഡർ ചെയ്തു കഴിഞ്ഞാൽ ഉപയോഗശൂന്യമായ ഉൽപ്പന്നങ്ങൾ നൽകുകയോ അല്ലെങ്കിൽ ഓർഡർ ചെയ്ത ഉൽപ്പനം നല്കാതിരിക്കുകയോ ആണ് ഇവർ ചെയ്യുന്നത്.
കൂടാതെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ കൊറോണവൈറസ് രോഗം കണ്ടെത്താം എന്ന് പ്രചരിപ്പിച്ചുകൊണ്ടുള്ള വ്യാജ പരിശോധനാ കിറ്റുകളും മറ്റും 100 ഡോളറിന് ഓൺലൈൻ ആയി വിൽക്കുന്നുണ്ട്.
രോഗത്തിന് മരുന്നും വാക്‌സിനും കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാതെ നോക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Source: Supplied
ഇതിന് പുറമെ നിങ്ങളുടെ വീടുകളിൽ എത്തി 10 മിനിറ്റ് നീണ്ട ആരോഗ്യ പരിശോധന നടത്താമെന്ന വാഗ്ദാനം നൽകിക്കൊണ്ടുള്ള എസ് എം എസ് സന്ദേശവും പലർക്കും ലഭിക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടനയെ ആയുധമാക്കിയും തട്ടിപ്പ്
രോഗം പടർന്നു തുടങ്ങിയതോടെ കോറോണയുടെ പേരിൽ 4,000 ഡൊമെയ്നുകൾ രജിസ്റ്റർ ചെയ്തതതായാണ് റിപ്പോർട്ടുകൾ.
ലോകാരോഗ്യ സംഘടനയുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും പേരിൽ വ്യാജ വെബ്സൈറ്റുകൾ രൂപീകരിക്കുകയും ഇത്തരം സ്ഥാപനങ്ങളുടെ പേരിൽ ഇമെയിൽ സന്ദേശവും മറ്റും അയക്കുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്.
കോറോണവൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ എന്ന വ്യാജേന ജനങ്ങളിൽ നിന്നും സ്വകാര്യ വിവരങ്ങളും യൂസർ നെയിമും പാസ്സ്‌വേർഡും ചോർത്തുകയാണ് ഇവർ.

Source: facebook/staysmartonline
ഇത്തരത്തിൽ ട്രാവൽ ഏജന്റുമാരുടെ പേരിലും ടെലി കമ്മ്യുണിക്കേഷൻ കമ്പനികളുടെ പേരിലുമെല്ലാം തട്ടിപ്പുകൾ വ്യാപകമാണ്.

Source: WA police force
ലക്ഷ്യം വിമാന യാത്രക്കാരും
വിമാനം റദ്ദാക്കലുകളും യാത്രാ വിലക്കുകളും നിലനിൽക്കെ ഈ അവസരം ചൂഷണം ചെയ്തുകൊണ്ടാണ് ഒരു കൂട്ടം തട്ടിപ്പുകാർ സജ്ജീവമാകുന്നത്.
കൊറോണവൈറസ് മൂലവും നിരവധി വിമാനങ്ങളാണ് റദ്ദാക്കേണ്ടി വന്നത്. ഇത്തരത്തിൽ വിമാനം റദാക്കിയത് വഴി യാത്ര മുടങ്ങിയവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.
വിമാനം റദ്ദാക്കിയതിനാൽ പണം തിരികെ നൽകാമെന്നും ഇതിനായി സ്വകാര്യ വിവരങ്ങൾ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ്.
ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുകയെന്നതാണ് ഇതിലൂടെ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സഹായവാഗ്ദാനം
രാജ്യത്ത് കൊറോണവൈറസ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സൂപ്പറാന്വേഷൻ തുക നേരത്തെ പിൻവലിക്കാൻ കഴിയുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഇത് ലക്ഷ്യമിട്ടാണ് മറ്റൊരു തട്ടിപ്പ്.
സൂപ്പറാന്വേഷൻ തുക ആവശ്യമുള്ളവർക്ക് അത് പിൻവലിക്കാനുള്ള സഹായം ലഭ്യമാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ഫോണിലൂടെ ബന്ധപ്പെടുന്നത്.
സൂപ്പറാന്വേഷൻ തുക പിൻവലിക്കാൻ ഒരു തുകയും ഇവർ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങളും ഇതിലൂടെ തട്ടിയെടുക്കാനാണ് ഇവരുടെ ശ്രമം.

Source: Getty Images/Sitthiphong Thadakun / EyeEm
ഏപ്രിൽ ആദ്യം സർക്കാർ ഈ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ഇത്തരത്തിൽ 87 തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ്
കൺസ്യൂമർ കമ്മീഷൻ (ACCC) അറിയിച്ചു.
എന്നാൽ ആർക്കും പണം നഷ്ടമായിട്ടില്ലെന്നും ACCC വ്യക്തമാക്കി. ഇതേതുടർന്ന് സൂപ്പറാന്വേഷൻ തുക പിൻവലിക്കാൻ മൂന്നാമതൊരാളുടെ സഹായം ആവശ്യമില്ലെന്നും അതിനാൽ ഇത്തരക്കാരെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ACCC.
ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് നിങ്ങൾ ഇരയായതായി സംശയം തോന്നിയാൽ ഉടൻ തന്നെ ബാങ്കിനെയോ മറ്റ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളെയോ ബന്ധപ്പെടേണ്ടതാണ്.