വിക്ടോറിയയിലെ കൊറോണവൈറസ് ബാധ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.
532 പേർക്കാണ് പുതിയതായി വൈറസ്ബാധ സ്ഥിരീകരിച്ചത്. ആറു പേർ കൂടി മരിച്ചിട്ടുമുണ്ട്.
ജൂലൈ 22ന് 484 പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്.
രോഗലക്ഷണങ്ങളുണ്ടായിട്ടും ജോലിക്ക് പോയവരിൽ നിന്നാണ് ഏറ്റവുമധികം ഇപ്പോൾ വൈറസ് പടരുന്നതെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
ഏതെങ്കിലും തരത്തിൽ ചെറിയ അസുഖങ്ങളുള്ളവർ പോലും ജോലിക്ക് പോകുന്നത് പൂർണമായി ഒഴിവാക്കണമെന്ന് പ്രീമിയർ നിർദ്ദേശിച്ചു.
അല്ലെങ്കിൽ സംസ്ഥാനത്തെ മരണസംഖ്യ ഇനിയും കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചെറിയ ലക്ഷണങ്ങളുണ്ടെങ്കിൽ പോലും ജോലിക്ക് പോകുന്നത് ഒഴിവാക്കുക. പകരം പരിശോധനയ്ക്കായി മുന്നോട്ടുവരിക.
ജനങ്ങൾ ഇത് പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചിടുന്ന നടപടിയിലേക്ക് സർക്കാർ നീങ്ങുമെന്നും പ്രീമിയർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് പുതിയ കേസുകൾ പലതും ഏജ്ഡ് കെയർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ്. ഇത് ഏറെ ആശങ്കാജനകമാണെന്നും ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.
വിക്ടോറിയയിൽ ഇപ്പോൾ രോഗബാധ സമൂഹത്തിൽ ആഴത്തിൽ ബാധിച്ചിട്ടുണ്ടെന്നും, അതിനാൽ വൈറസ് മാറാൻ ഏറെക്കാലമെടുക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ, രണ്ടാം വ്യാപനത്തിലെ ഏറ്റവും മോശം ദിവസം ഇന്നായിരിക്കാം എന്നാണ് മോഡലിംഗുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
NSWൽ അതീവ ജാഗ്രത
സംസ്ഥാനത്ത് 17 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ന്യൂ സൗത്ത് വെയിൽസ് സർക്കാർ കൂടുതൽ ജാഗ്രത പ്രഖ്യാപിച്ചു.
വെഥറിൽ പാർക്കിനു പുറമേ പോട്ട്സ് പോയിന്റിലുമുള്ള തായ് റോക്ക്സ് റെസ്റ്റോറന്റിൽ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 15, 25 ദിവസങ്ങളിൽ ഇവിടെ രണ്ടു മണിക്കൂറിനു മുകളിൽ ചെലവഴിച്ചവർ ഐസൊലേറ്റ് ചെയ്യാനാണ് നിർദ്ദേശം.
സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്