വിക്ടോറിയയിൽ 20 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ സമൂഹത്തിൽ സജീവമായിരുന്നു.
മാത്രമല്ല, പുതിയ കേസുകളിൽ അഞ്ചെണ്ണത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.
ഇതേതുടർന്ന് മെൽബണിൽ നടപ്പാക്കിയിരിക്കുന്ന ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി.
വ്യാഴാഴ്ച രാത്രി എട്ട് മണി വരെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്.
ഇത് ഓഗസ്റ്റ് 19 വ്യാഴാഴ്ച അർദ്ധരാത്രി വരെയാണ് നീട്ടിയത്.
ന്യൂ സൗത്ത് വെയിൽസ്
സംസ്ഥാനത്ത് 344 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. ഇതിൽ 65 പേർ സമൂഹത്തിൽ സജ്ജീവമായിരുന്നു.
സംസ്ഥാനത്ത് രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 90 വയസിനും 30 വയസിനും മേൽ പ്രായമായ രണ്ട് പുരുഷന്മാരാണ് മരിച്ചത്.
അതിനിടെ ഡബ്ബോയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചതോടെ ബുധനാഴ്ച (ഇന്ന്) ഉച്ചക്ക് ഒരു മണി മുതൽ പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ഡബ്ബോ വെസ്റ്റ് പബ്ലിക് സ്കൂളിലും, മക്വറി ആംഗ്ലിക്കൻ ഗ്രാമർ സ്കൂളിലും ആണ് കേസുകൾ കണ്ടെത്തിയത്.
ഈ സ്കൂളുകൾ ശുചീകരണത്തിനായി അടച്ചു. 356 കേസുകളാണ് ചൊവ്വാഴ്ച NSWൽ സ്ഥിരീകരിച്ചത്.
ക്വീൻസ്ലാന്റ്
സംസ്ഥാനത്ത് നാല് പുതിയ വൈറസ്ബാധയാണ് സ്ഥിരീകരിച്ചത്. എല്ലാ കേസുകളും ഇൻഡരപിളി സ്റ്റേറ്റ് ഹൈ സ്കൂളുമായി ബന്ധമുള്ളതാണ്.
കൂടുതൽ കേസുകളൊന്നും കണ്ടെത്താത്ത സാഹചര്യത്തിൽ കെയിൻസ്, യാരാബ പ്രദേശത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ബുധനാഴ്ച (ഇന്ന്) നാല് മണിക്ക് അവസാനിക്കുമെന്ന് പ്രീമിയർ അനസ്തഷ്യ പലാഷെ അറിയിച്ചു.
എന്നാൽ ഇവിടെ മാസ്ക് ധരിക്കുന്നത് നിര്ബന്ധമായി തുടരും.
ഒരു ടാക്സി ഡ്രൈവർക്ക് വൈറസ്ബാധ കണ്ടെത്തിയതിനെത്തുടർന്ന് ഞായറാഴ്ചയാണ് കെയിൻസ്, യാരാബ പ്രദേശം ലോക്ക് ഡൗൺ ചെയ്തത്.