നാലു ശതമാനം ശമ്പളവര്‍ദ്ധനവ് അനുവദിക്കണമെന്ന വിക്ടോറിയ പൊലീസ് അസോസിയേഷന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് സമരപരിപാടികളിലേക്ക് പൊലീസുകാര്‍ നീങ്ങുന്നത്.
പണിമുടക്കും പ്രതിഷേധപ്രകടനവും ഒന്നുമല്ല, തീര്‍ത്തും വ്യത്യസ്തമായ സമര പരിപാടികളാണ് പൊലീസുകാരുടെ പദ്ധതി.
ഇതില്‍ ഏറ്റവും പ്രധാനം, സ്പീഡ് ക്യാമറകളെക്കുറിച്ച് പൊലീസുകാര്‍ തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും എന്നുള്ളതാണ്.
സംസ്ഥാനത്തെ സ്ഥിരം സ്പീഡ് ക്യാമറകള്‍ക്കും, മൊബൈല്‍ സ്പീഡ് ക്യാമറകള്‍ക്കും സമീപം പൊലീസ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യും. കാറിന്റെ ഹെഡ്‌ലൈറ്റ് ഫ്‌ളാഷ് ചെയ്ത് വാഹനങ്ങള്ക്ക് ക്യാമറയെക്കുറിച്ച് മുന്നറിയിപ്പ് ചെയ്തായിരിക്കും ഈ പൊലീസുകാര്‍ പ്രതിഷേധിക്കുക.

അമിത വേഗതയ്ക്ക് പിഴയീടാക്കുന്നതിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം കുറയ്ക്കുക എന്നതാണ് ഈ പ്രതിഷേധത്തിന്റെ ലക്ഷ്യം.
ഇതിനു പുറമേ മറ്റു നടപടികളും പ്രതിഷേധത്തിനായി സ്വീകരിക്കുമെന്ന് പൊലീസ് അസോസിയേഷന്‍ സെക്രട്ടറി വെയ്ന്‍ ഗാറ്റ് പറഞ്ഞു.
മറ്റു പ്രധാന പ്രതിഷേധങ്ങള്‍ ഇവയാണ്:
- സര്‍ക്കാരിന് എല്ലാ മാസവും നല്‍കാനുള്ള റിപ്പോര്‍ട്ടുകളും സ്ഥിതിവിവരക്കണക്കുകളും തയ്യാറാക്കുന്നത് നിര്‍ത്തിവയ്ക്കും
- സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ നല്‍കൂ
- ശമ്പളമില്ലാതെ ഓവര്‍ടൈം ജോലി ചെയ്യില്ല
- പൊലീസ് കാറുകളില്‍ ശമ്പളര്‍വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പതിക്കും.
ഇതിലെല്ലാം ഉപരിയായി പൊലീസ് നടപ്പാക്കുന്ന മറ്റൊരു പ്രതിഷേധമാര്‍ഗ്ഗം കൂടിയുണ്ട്.
സ്‌കൂള്‍ മേഖലകളില്‍ കുട്ടികളെ റോഡ് ക്രോസ് ചെയ്യാന്‍ പൊലീസുകാര്‍ സഹായിക്കും.
വഴങ്ങാതെ സര്‍ക്കാര്‍
പൊതുമേഖലയിലെ മറ്റെല്ലാ വകുപ്പുകളിലും നല്‍കുന്നതുപോലെ രണ്ടു ശതമാനം ശമ്പളവര്‍ദ്ധനവ് മാത്രമേ പൊലീസുകാര്‍ക്കും നല്‍കാന്‍ കഴിയൂ എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
എന്നാല്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസിനും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും 11.8 ശതമാനം ശമ്പള വര്ദ്ധനവ് നല്‍കാന്‍ സെപ്റ്റംബറില്‍ തീരുമാനിച്ച കാര്യമാണ് പൊലീസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്തെ 17,200ഓളം പൊലീസ് അസോസിയേഷന്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിനെ തുടര്‍ന്നാണ് ഇത്തരം സമരപരിപാടികള്‍ പ്രഖ്യാപിച്ചതെന്നും ദ ഏജ് പത്രം റിപ്പോര്ട്ട് ചെയ്തു.

