വിക്ടോറിയയയിലെ ജീലോങ്, വിറ്റിൽസീ എന്നീ സ്ഥലങ്ങളിൽ ആറു മാസത്തേക്കാണ് ഈ മാർഗ്ഗം പരീക്ഷിക്കുന്നത്. ആയിരത്തോളം വീടുകളിൽ ആകും സിന്തറ്റിക് ഡി എൻ എ പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്നത്.
ആഭരണങ്ങൾ ഉൾപ്പടെയുള്ള വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളിൽ ഡി എൻ എ പുരട്ടുന്ന പക്ഷം മോഷ്ടാക്കളിൽ നിന്നും ഇവ കണ്ടെത്തുന്ന പൊലീസിന് അൾട്രാ വയലറ്റ് ടോർച്ചിന്റെ സഹായത്തോടെ ഇവയുടെ ഉടമയെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്ന് പൊലീസ് പറയുന്നു .
വരുന്ന ഓഗസ്‌റ്റോടെ ഡി എൻ എ യും, അൾട്രാ വയലറ്റ് ടോർച്ചും അടങ്ങിയ കിറ്റ് തെരഞ്ഞെടുക്കപ്പെട്ട വീടുകളിൽ പൊലീസ് എത്തിക്കും.
വിക്ടോറിയ പോലീസ്, ആർ എ സി വി, നെയ്‌ബർഹുഡ് വാച്ച്, ക്രൈം സ്റ്റോപ്പർസ് വിക്ടോറിയ, ഫെഡറേഷൻ യൂണിവേഴ്സിറ്റി എന്നിവർ ചേർന്നാണ് സിന്തറ്റിക് ഡി എൻ എ യുടെ പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്.
ഓസ്‌ട്രേലിയയിൽ ആദ്യമായാണ് സിന്തറ്റിക് ഡി എൻ എ ഉപയോഗിച്ചുള്ള പദ്ധതിയുടെ പരീക്ഷണം. ഇതിന് സമാനമായ സാങ്കേതിക വിദ്യയുടെ ഉപയോഗം ബ്രിട്ടനിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. 91 ശതമാനം വീടുകളിൽ മോഷണം കുറക്കാൻ ഇത് സഹായിക്കുകയും ചെയ്തിരുന്നു.
കൂടാതെ ന്യൂസിലണ്ടിലും ഇവയുടെ ഉപയോഗം വഴി 61 ശതമാനത്തോളം മോഷണം കുറയ്ക്കാൻ സാധിച്ചതായാണ് റിപ്പാർട്ടുകൾ. ഓസ്‌ട്രേലിയയിലും ഇത് വിജയകരമാകുമെന്ന് അസിസ്റ്റന്റ് കമ്മീഷ്ണർ റ്റെസ്സ് വാൽഷ് പ്രതീക്ഷ പ്രകടിപ്പിച്ചു.
വിക്ടോറിയയിൽ വർധിച്ചു വരുന്ന മോഷണങ്ങൾ കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 15 മിനിറ്റിൽ ഒരു മോഷണം എന്ന കണക്കിന് വിക്ടോറിയയിൽ ഒരു വർഷത്തിൽ 36,000 ത്തിൽ പരം മോഷണങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ.
വരുന്ന നാല് വർഷത്തിൽ ഇതിന് പത്ത് ശതമാനമെങ്കിലും കുറവ് വരുത്തണമെന്ന ഉദ്ദേശത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായാണ് സിന്തറ്റിക് ഡി എൻ എ പദ്ധതി പരീക്ഷിക്കാൻ തീരുമാനിച്ചതും.