വിക്ടോറിയയിൽ കൊറോണവൈറസ് ബാധയിൽ റെക്കോർഡ് വർദ്ധനവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 723 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
വൈറസ് ബാധ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇത്രയധികം പേർക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്.
തിങ്കളാഴ്ച 532 കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യ.
വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിലും രോഗവ്യാപനം കൂടുകയാണ്.
ഇതേതുടർന്ന് ഗ്രെയ്റ്റർ ജീലോംഗ്, സർഫ് കോസ്റ്റ്, മൂറാബൂൽ, ഗോൾഡൻ പ്ലെയിൻസ്, കൊളാക്-ഓട് വെ, ബറോ ഓഫ് ക്വീൻസ്‌ക്ലിഫ് എന്നീ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വ്യാഴാഴ്‌ച അർദ്ധരാത്രി മുതലാണ് നിയത്രണം നിലവിൽ വരുന്നത്.
ഇതോടെ ഈ പ്രദേശങ്ങളിൽ ആർക്കും വീടുകൾ സന്ദർശിക്കാൻ അനുവാദമില്ല.
ഞായറാഴ്ച അർധരാത്രി മുതൽ വിക്ടോറിയ മുഴുവൻ മാസ്ക് അഥവാ മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കും.
നിലവിൽ മെൽബണിലും മിച്ചൽ ഷയർ മേഖലയിലും മാത്രമാണ് മാസ്ക് നിര്ബന്ധമാക്കിയിരിക്കുന്നത്.
മരണ നിരക്കിലും റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിൽ 13 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 105 ആയി.
സംസ്ഥാനത്തെ ഏജ്‌ഡ് കെയറുമായി ബന്ധപ്പെട്ട് 913 പേർക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
കൂടാതെ രോഗം ബാധിച്ച് 312 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 34 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.
ഡിഫൻസ് ഫോഴ്സ് അധികൃതർ രോഗം സ്ഥിരീകരിച്ചവരുടെ വീടുകൾ സന്ദർശിക്കുന്നുണ്ട്. എന്നാൽ സന്ദർശിച്ച നിരവധി വീടുകളിൽ രോഗബാധിതർ ഇല്ലായിരുന്നെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
വിക്ടോറിയയ്ക്ക് പുറമെ ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്‌ലാന്റിലും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ക്വീൻസ്‌ലാന്റിൽ മൂന്ന് പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയിരിക്കുന്നത്.
ഇതിൽ രണ്ട് പേർ സിഡ്‌നിയിലെ പൊട്ട്സ് പോയിന്ററിലുള്ള അപ്പോളോ റെസ്റ്റോറന്റിൽ കണ്ടെത്തിയ രോഗബാധയുമായി ബന്ധമുള്ളതാണ്. ഒരാൾ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ആളാണ്. ഇവർ മൂന്ന് പേരും ഐസൊലേഷനിൽ ആണെന്ന് സർക്കാർ അറിയിച്ചു.
മെൽബണിൽ നിന്നും കള്ളം പറഞ്ഞു ബ്രിസ്‌ബൈനിൽ എത്തിയ മൂന്ന് സ്ത്രീകളിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ഇവർ ബോർഡർ ഡിക്ലറേഷൻ ഫോമിൽ തെറ്റായ വിവരം നൽകിയാണ് സംസ്ഥാനത്തേക്ക് കടന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
NSWൽ 18 പുതിയ കേസുകൾ
ന്യൂ സൗത്ത് വെയിൽസിലെ രോഗ വ്യാപനത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 18 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് മൂന്ന് സ്കൂളുകളും ഒരു ചൈൽഡ് കെയറും വ്യാഴാഴ്ച അടച്ചു.
പീറ്റർഷാമിലുള്ള ഫോർട്ട് സ്ട്രീറ്റ് ഹൈസ്കൂൾ, ബോണിറിഗ് ഹൈറ്സിലുള്ള ഫ്രീമാൻ കാതോലിക്ക് കോളേജ്, മേരി ഇമ്മാക്കുലേറ്റ് കാതോലിക്ക് പ്രൈമറി, ബോസ്സ്‌ലെ പാർക്ക്, എവർലേൺ പ്രീസ്കൂൾ, പ്രെസ്റ്റൻസ് തുടങ്ങിയവയാണ് അടച്ചത്.
Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. People are also advised to wear masks in public.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.