ന്യൂ സൗത്ത് വെയിൽസിൽ പുതിയ 1,164 പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. തിങ്കളാഴ്‌ച വൈകിട്ട് എട്ട് മണിവരെയുള്ള ഇരുപത്തിനാല് മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത കേസുകളാണിത്.
മൂന്ന് പുതിയ കൊവിഡ് മരണങ്ങൾ കൂടി സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവിലെ രോഗബാധയിൽ മരിച്ചവരുടെ എണ്ണം 96 ലേക്ക് ഉയർന്നു.
50 വയസിന് മേൽ പ്രായമുള്ള ഒരു സ്ത്രീയും 80 വയസിനും 90 വയസിനും മേൽ പ്രായമുള്ള രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
സംസ്ഥാനത്ത് നിലവിൽ 871 കൊവിഡ് രോഗികൾ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 143 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 58 പേർ വെന്റിലേറ്ററിലാണെന്നാണ് റിപ്പോർട്ട്.
വടക്ക് പടിഞ്ഞാറൻ സിഡ്‌നിയിലുള്ള പാർക്ക് ലീ കറക്കഷണൽ കേന്ദ്രത്തിൽ 43 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാൻറ് പറഞ്ഞു.
ഇതോടെ ഇവിടെ ആകെയുള്ള രോഗബാധ 75 ലേക്ക് ഉയർന്നു.
ന്യൂ സൗത്ത് വെയിൽസിൽ 67 ശതമാനം പേർക്കെങ്കിലും കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്‌സിൻ ലഭിച്ചതായി പ്രീമിയർ പറഞ്ഞു.
ACT യിൽ ലോക്ക്ഡൗൺ നീട്ടി
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ ലോക്ക്ഡൗൺ സെപ്റ്റംബർ 17 വരെ നീട്ടി. സമൂഹത്തിലുള്ള കൊവിഡ് വ്യാപനം നിയന്ത്രണത്തിൽ കൊണ്ടുവരാൻ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് ലോക്ക്ഡൗൺ നീട്ടിയത്.
ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ടെങ്കിലും ചില നിയന്ത്രണങ്ങളിൽ വ്യാഴാഴ്ച്ച മുതൽ ഇളവ് നടപ്പിലാക്കുമെന്നും ACT മുഖ്യമന്ത്രി ആൻഡ്രൂ ബാർ വ്യക്തമാക്കി.

പുതിയ 13 കൊവിഡ് കേസുകളാണ് ടെറിട്ടറിയിൽ സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർ സമൂഹത്തിൽ സജീവമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ACT യിൽ 242 പേരിൽ നിലവിൽ രോഗബാധയുണ്ടെന്നാണ് റിപ്പോർട്ട്.
വിക്ടോറിയ
വിക്ടോറിയയിൽ പ്രാദേശികമായി പുതിയ 76 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. തിങ്കളാഴ്‌ച അര്‍ദ്ധരാത്രി വരെയുള്ള 24 മണിക്കൂറിൽ സ്ഥിരീകരിച്ച കേസുകളാണ് ഇത്.
പുതിയ രോഗബാധയിൽ 45 കേസുകൾ നിലവിലെ ക്ലസ്റ്ററുകളുമായി ബന്ധമുള്ളതായി അധികൃതർ സ്ഥിരീകരിച്ചു. 31 പേരുടെ കാര്യത്തിൽ രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
സംസ്ഥാനത്ത് തിങ്കളാഴ്‌ച അർദ്ധരാത്രി വരെയുള്ള ഇരുപത്തിനാല് മണിക്കൂറിൽ 32,162 ഡോസ് വാക്‌സിൻ നൽകിയതായി അധികൃതർ പറഞ്ഞു.
അതെ സമയം സംസ്ഥാനത്ത് രോഗബാധാ നിരക്ക് പൂജ്യത്തിലേക്ക് കൊണ്ടുവരുന്നത് ചുരുങ്ങിയകാലയളവിൽ സാധ്യമാകുമോ എന്ന കാര്യത്തിൽ സംശയമുള്ളതായി ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.
അതെ സമയം വിക്ടോറിയയിലെ സമ്പർക്ക പട്ടികയിൽ നിലവിൽ 1000 ത്തിൽ കൂടുതൽ ഇടങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 150 ഇടങ്ങൾ ഇന്നലെയാണ് പട്ടികയിൽ ചേർത്തത്.
തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം 49 കൊവിഡ് രോഗികൾ ആശുപത്രികളിൽ ഉണ്ട്. 15 പേർ തീവ്രപരിചരണ വിഭാഗത്തിലും 11 പേർ വെന്റിലേറ്ററിലുമാണെന്നാണ് റിപ്പോർട്ട്.
ഷെപ്പാർട്ടിനിൽ നിന്ന് ആറു കൊവിഡ് രോഗികളെ ചികിത്സക്കായി മെൽബണിലെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ പറഞ്ഞു.

