മെൽബണിൽ 11 വൈറസ് ബാധ കൂടി സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 51 ആയി.
43,000 പേരിൽ നടത്തിയ പരിശോധനയിൽ നിന്നാണ് 11 പുതിയ കേസുകൾ കൂടി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്.
ഇതിൽ മൂന്നെണ്ണം ഏജ്ഡ് കെയറുമായി ബന്ധപ്പെട്ടുള്ള രോഗബാധയാണ്.
മെൽബണിലെ ഒരു ഏജ്ഡ് കെയറിലെ ജീവനക്കാരിക്ക് ഞായറാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആർകെയർ മെയ്ഡസ്റ്റോൺ എന്ന ഏജ്ഡ് കെയർ ലോക്ക്ഡൗൺ ചെയ്തിരുന്നു.
ഇതിന് പിന്നാലെ ആർകെയർ മെയ്ഡ്സ്റ്റോണിലെ മറ്റൊരു ജീവനക്കാരിക്കും കൊവിഡ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ജീവനക്കാരി വാക്‌സിൻ സ്വീകരിച്ചിട്ടില്ല.
ഈ ഏജ്ഡ് കെയറിൽ താമസിക്കുന്ന ഒരു 90 കാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ഫൈസർ വാക്‌സിൻ സ്വീകരിച്ചതാണ്. നേരിയ രോഗലക്ഷണങ്ങൾ ഉള്ള ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
കൂടാതെ, മറ്റൊരു ഏജ്ഡ് കെയറിലെ ജീവനക്കാരിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടകൾ.
ബ്ലൂ ക്രോസ്സ് വെസ്റ്റേൺ ഗാർഡൻസ് സൺഷൈൻ എന്ന ഏജ്ഡ് കെയറിലെ ജീവനക്കാരിക്കാണ് വൈറസ്ബാധ. എന്നാൽ ഇത് മെയ്ഡസ്റ്റോൺ ഏജ്ഡ് കെയറിൽ ജോലിചെയ്തയാൾ തന്നെയാണോ എന്നത് വ്യക്തമല്ല.
കുട്ടികൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ക്രെയ്ഗിബേണിലെ രണ്ട് സ്കൂളുകളും അടച്ചു.
വിൽമൊട്ട് പാർക്ക് പ്രൈമറി സ്കൂളും, മൗണ്ട് റിഡ്‌ലി കോളേജുമാണ് വൃത്തിയാക്കാനായി അടച്ചത്.
രോഗബാധിതർ സന്ദർശിച്ചുവെന്നു കരുതുന്ന 270 സ്ഥലങ്ങളുടെ പട്ടികയും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ നിരവധി ഇന്ത്യൻ സ്റ്റോറുകളും, ചാഡ്സ്റ്റൻ ഷോപ്പിംഗ് സെന്ററും ഉൾപ്പെടുന്നുണ്ട്.
രോഗലക്ഷണങ്ങൾ ഉള്ളവർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പോകരുതെന്നും, പരിശോധനക്ക് വിധേയരാവണമെന്നും സംസ്ഥാനത്തെ കോവിഡ് ടെസ്റ്റിങ് കമാൻഡർ ജെറോൺ വീമർ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഞായറാഴ്ചയും അഞ്ച് പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച അർധരാത്രി വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ, വ്യാഴാഴ്ച തന്നെ ലോക്ക്ഡൗൺ അവസാനിക്കുമോ എന്ന കാര്യം വ്യക്തമല്ല. ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല .