കൊറോണബാധ രൂക്ഷമായ വിക്ടോറിയയിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 216 പേർക്കാണ് സംസ്ഥാനത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
ഇത് കഴിഞ്ഞ അഞ്ച് ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ദൈനംദിന സംഖ്യയാണ്.
ചൊവ്വാഴ്ച 222 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
എന്നാൽ പരിശോധനയുടെ എണ്ണം 17 ശതമാനം കുറഞ്ഞതായി പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് അറിയിച്ചു. ഇത് ആശങ്കയ്ക്ക് വക നൽകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുൻ ആഴ്ചത്തേക്കാൾ 30,000 പരിശോധനകൾ കുറവാണ് കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ നടത്തിയത്. പരിശോധനയുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കണമെന്നും അതുകൊണ്ടു തന്നെ രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനക്കായി മുൻപോട്ടു വരണമെന്നും പ്രീമിയർ പറഞ്ഞു.
സംസ്ഥാനത്ത് രോഗം ബാധിച്ച് 12 പേർ കൂടി മരിച്ചു.
ന്യൂ സൗത്ത് വെയിൽസിൽ ഏഴ് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
രോഗബാധ കൂടുന്ന സാഹചര്യത്തിൽ ന്യൂ സൗത്ത് വെയിൽസിലെ പബ്ലിക് സ്കൂളുകളിൽ ബുധനാഴ്ച മുതൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അതിർത്തി തുറന്നേക്കുമെന്ന് സൗത്ത് ഓസ്ട്രേലിയ
നിർത്തിവച്ചിരിക്കുന്ന രാജ്യാന്തര വിദ്യാർത്ഥിക്കുള്ള പ്രവേശനം പൈലറ്റ് അടിസ്ഥാനത്തിൽ പുനരാരംഭിക്കാൻ ഫെഡറൽ ഓസ്‌ട്രേലിയൻ സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
അടുത്ത മാസത്തോടെ ഇത് വീണ്ടും തുടങ്ങാനാണ് ഫെഡറൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് സന്ദർശകർക്ക് പ്രവേശനം നൽകുന്ന കാര്യത്തെക്കുറിച്ച് സൗത്ത് ഓസ്ട്രേലിയ അറിയിച്ചത്.
ടൂറിസ്റ്റുകൾക്ക് സംസ്ഥാനത്തേക്ക് അടുത്ത വർഷം പകുതിയോടെ പ്രവേശനം നല്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രീമിയർ സ്റ്റീവൻ മാർഷൽ അറിയിച്ചു.
എന്നാൽ സൗത്ത് ഓസ്‌ട്രേലിയക്കാർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ഇത് നടപ്പാക്കൂ എന്ന് പ്രീമിയർ വ്യക്തമാക്കി.
കൊറോണ പ്രതിസന്ധിക്ക് ശേഷം ഓസ്‌ട്രേലിയയും സൗത്ത് ഓസ്ട്രേലിയയും ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പ്രദേശമാകുമെന്നും പുതിയ ഒരു വിഭാഗം സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ 2021നു മുൻപായി ഓസ്‌ട്രേലിയ രാജ്യാന്തര അതിർത്തി തുറന്നേക്കില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസോൺ സൂചന നൽകിയിരുന്നു.
വാക്‌സിൻ കണ്ടെത്തുന്നതിന് മുൻപ് രാജ്യാന്തര അതിർത്തി തുറക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിൽ ഓസ്ട്രേലിയൻ പൗരൻമാരെയും പെർമനന്റ് റെസിഡൻറ്സിനും മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദവുമുള്ളത്.