സിഡ്‌നിയിലെ കോവിഡ് ബാധ വിക്ടോറിയയിലേക്കും പടർന്നതോടെ സംസ്ഥാനത്ത് ബുധനാഴ്ച 11 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇതേതുടർന്ന് സംസ്ഥാനത്ത് എല്ലാ ഇൻഡോർ മേഖലകളിലും മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി.
ഇതോടെ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ വ്യാഴാഴ്ച മുതൽ സ്കൂളിൽ മാസ്ക് ധരിക്കണം. കൂടാതെ, പൊതുസമൂഹവുമായി ഇടപെടുന്ന ജോലി ചെയ്യുന്നവർ ഓഫീസുകളിലും മാസ്ക് ധരിക്കേണ്ടതാണെന്ന് സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് രോഗബാധയിൽ കുറവ് വന്നപ്പോൾ കഴിഞ്ഞയാഴ്ച ഈ നിയന്ത്രണത്തെ ഇളവ് വരുത്തിയിരുന്നു. ഇതാണ് ബുധനാഴ്‌ച അർധരാത്രി മുതൽ വീണ്ടും നടപ്പാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് കെട്ടിടത്തിന് പുറത്ത് 1.5 മീറ്റർ അകലം പാലിക്കാൻ കഴിയാത്തിടത്ത് മാസ്ക് ധരിക്കണമെന്നതും നിര്ബന്ധമായി തുടരുന്നുണ്ട്.
ഇതിന് പുറമെ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.
മേരിബൈറനോംഗിലെ ഒരു അപ്പാർട്മെന്റ്റ് സമുച്ചയത്തിൽ പടർന്ന വൈറസ് ബാധയുമായി ബന്ധമുള്ളതാണ് സംസ്ഥാനത്ത് ബുധനാഴ്ച സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും.
രോഗബാധിതർ സന്ദർശിച്ചതായി കരുതുന്ന 70 സ്ഥലങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
പടിഞ്ഞാറൻ മെൽബണിലെ ബാക്കസ് മാർഷ് ഗ്രാമർ സ്കൂളിൽ ജോലി ചെയ്യുന്നയാൾക്കും അവരുടെ രണ്ട് കുടുംബാംഗങ്ങൾക്കും ബുധനാഴ്ച വൈകിട്ട് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് സ്കൂൾ വൃത്തിയാക്കാനായി അടച്ചായി അധികൃതർ അറിയിച്ചു.
ബുധനാഴ്ച പ്രഖ്യാപിച്ച എട്ട് കേസുകൾക്ക് പുറമെയാണ് സ്കൂളിൽ ജോലി ചെയ്യുന്നയാൾക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് കേസുകൾ 11 ആയത്.