കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായി 139 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് മെൽബണിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്തത്.
അതുകൊണ്ടുതന്നെ സർക്കാർ നേരത്തെ പ്രഖ്യാപിച്ച ദിവസത്തിന് മുൻപ് തന്നെ നിയന്ത്രണങ്ങളിൽ ഇളവുകൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.
ഒക്ടോബർ 27 അർധരാത്രി മുതൽ റീറ്റെയ്ൽ സ്റ്റോറുകൾ, റസ്റ്റോറന്റുകൾ, കഫേകൾ, ബാറുകൾ എന്നിവക്ക് തുറന്നു പ്രവർത്തിക്കാമെന്ന് പ്രീമിയർ അറിയിച്ചു.
ഓഗസ്റ്റ് രണ്ടിന് നാലാം ഘട്ട നിയന്ത്രണം നടപ്പാക്കിയത് മുതൽ സംസ്ഥാനത്ത് റീറ്റെയ്ൽ സ്റ്റോറുകൾ അടഞ്ഞുകിടക്കുകയായിരുന്നു.
കൂടാതെ നാല് കാരണങ്ങൾക്ക് മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാവു എന്ന വ്യവസ്ഥയിൽ മാറ്റം വരും.
ഇനി മുതൽ എന്ത് കാരണത്തിനും വീടുകളിൽ നിന്നും പുറത്തിറങ്ങാം. കൂടാതെ പുറത്ത് വിവിധ വീടുകളിൽ നിന്നുള്ള പത്ത് പേർക്ക് വരെ ഒത്തുകൂടാം.
18 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് കെട്ടിടങ്ങൾക്ക് പുറത്തുള്ള കമ്മ്യുണിറ്റി കായികവിനോദവും, മുതിർന്നവർക്കുള്ള സമ്പർക്കം പുലർത്തേണ്ടാത്ത ഔട്ഡോർ കായികവിനോദങ്ങളും പുനരാരംഭിക്കും.
എന്നാൽ 25 കിലോമീറ്റര് യാത്രാ പരിധി നിലനിൽക്കും. കൂടാതെ വിക്ടോറിയയുടെ ഉൾപ്രദേശങ്ങളുടെ അതിർത്തിയും അടഞ്ഞു കിടക്കും.
മറ്റ് ഇളവുകൾ
- വിവാഹത്തിന് - 10 പേർക്ക് വരെ ഒത്തുകൂടാം
- സംസ്കാരച്ചടങ്ങുകൾക്ക് - 20 പേർ
- മതപരമായ ചടങ്ങുകൾ - അകത്ത് 10 പേർക്കും ഒരു പുരോഹിതനും, പുറത്ത് 20 പേർക്കും ഒരു പുരോഹിതനും
നവംബർ എട്ട് മുതൽ
മറ്റ് ഇളവുകളും നവംബർ എട്ട് മുതലാകും നടപ്പിലാക്കുന്നത്.
- 25 കിലോമീറ്റര് യാത്ര പരിധി നീക്കും
- മെട്രോപൊളിറ്റൻ മെൽബനും വിക്ടോറിയൻ ഉൾപ്രദേശവുമായുള്ള അതിർത്തി തുറക്കും
- ജിമ്മുകൾ, ഫിറ്റ്നസ് സ്റ്റോഡിയോകൾ എന്നിവ തുറക്കും- പരമാവധി 20 പേർക്ക് എട്ട് ചതുരശ്രയടി മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയിൽ
- ഇൻഡോർ നീന്തൽ കുളങ്ങൾ - 20 പേർക്ക് വരെ
- മതപരമായ ചടങ്ങുകളിൽ അകത്ത് - ഒരു പുരോഹിതന് പുറമെ 20 പേർക്ക് വരെ ഒത്തുകൂടാം. പുറത്ത് - ഒരു പുരോഹിതന് പുറമെ 50 പേർക്ക് വരെ ഒത്തുകൂടാം.
- സംസ്കാര ചടങ്ങുകളിൽ - അകത്ത് 20 പേർ, പുറത്ത് 50 പേർ
- താമസസ്ഥലങ്ങൾ തുറന്ന് പ്രവർത്തിക്കും
വീടുകൾ എന്ന് സന്ദർശിക്കാമെന്നത് പിന്നീട് അറിയിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ട് വികാരനിർഭരനായാണ് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് ഇളവുകൾ പ്രഖ്യാപിച്ചത്. എന്നാൽ ഈ ദുഷ്ടനായ ശത്രു ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.