വിക്ടോറിയയിലെ സ്കൂളുകൾ ജനുവരി അവസാനം തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആക്റ്റിംഗ് ആരോഗ്യ മന്ത്രി ജെയിംസ് മെർലിനോ വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിൽ എത്തുന്നതിന് മുൻപ് വാക്‌സിൻ നൽകുന്നത് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ ജെയിംസ് മെർലിനോ പറഞ്ഞു.
വിക്ടോറിയയിലെ സ്കൂളുകളിൽ 51,000 എയർ പ്യൂരിഫയറുകൾ നൽകാനുള്ള സർക്കാർ വാഗ്‌ദാനം പാലിക്കുമെന്നും ജെയിംസ് മെർലിനോ വ്യക്തമാക്കി.
അടുത്ത ടേം തുടങ്ങുന്നതിന് മുൻപ് ഇത് നടപ്പിലാക്കുമെന്ന സർക്കാർ പ്രഖ്യാപനം പാലിക്കുമെന്ന് മെർലിനോ കൂട്ടിച്ചേർത്തു. ഗതാഗത രംഗത്ത് തൊഴിലാളികളുടെ ക്ഷാമം നേരിടുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും വാഗ്ദാനം നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
2022 ൽ ഓസ്‌ട്രേലിയയിൽ ഉടനീളം സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ തിരിച്ചുവരവ് ഏകീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി പ്രധാനമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
സ്കൂളുകൾ ഇപ്പോൾ തീരുമാനിച്ചരിക്കുന്നത് പോലെ ഒന്നാം ടേമിന്റെ ആദ്യ ദിനം തന്നെ തുറക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Prime Minister Scott Morrison said his department was working with state and territory authorities to "harmonise their back-to-school plans. Source: AAP
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ പല സമയത്തായിരിക്കും ഏറ്റവും ഉയർന്ന നിലയിൽ എത്തുകയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയുടെ എല്ലാ ഭാഗത്തുമുള്ള സ്കൂളുകൾ തുറക്കുന്നത് ഏകീകരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ വകുപ്പ് മേധാവി ഫിൽ ഗെയ്റ്റ്ജെൻസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ക്വീൻസ്ലാന്റിൽ സ്കൂൾ തുറക്കുന്നത് രണ്ടാഴ്ച വൈകും
ചില സംസ്ഥാനങ്ങൾ കൂടുതൽ കുട്ടികൾ വാക്‌സിനേഷൻ സ്വീകരിക്കുന്നതിനായി സ്കൂളുകൾ തുറക്കുന്നത് വൈകിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
ക്വീൻസ്ലാന്റിലെ സ്കൂളുകൾ രണ്ടാഴ്ച വൈകിയായിരിക്കും തുറക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 24 ന് പകരം ഫെബ്രുവരി ഏഴിനായിരിക്കും ക്വീൻസ്ലാന്റിൽ വിദ്യാർത്ഥികൾ ക്ലാസ് റൂമുകളിലേക്ക് മടങ്ങുക.
സ്കൂൾ തുറക്കുന്നത് രണ്ടാഴ്ച കൂടി വൈകിക്കണമെന്ന ആവശ്യം സൗത്ത് ഓസ്‌ട്രേലിയയിലെ അദ്ധ്യാപകരും മുന്നോട്ട് വച്ചിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമിനിക് പെറോറ്റെ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന സമയത്ത് തന്നെ തിരിച്ചുപോകുന്നതിന് പരിശോധനാ കിറ്റുകൾ പ്രധാന പങ്കുവഹിക്കുമെന്ന് ഡൊമിനിക് പെറോറ്റെ പറഞ്ഞു. ന്യൂ സൗത്ത് വെയിൽസ് സർക്കാർ അഞ്ച് കോടി RAT കിറ്റുകൾ വാങ്ങിച്ചിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി.
ടാസ്മേനിയയിൽ സ്കൂൾ തുറക്കുന്ന തീയതിയിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് പ്രൈമറി സ്കൂളുകൾ ഫെബ്രുവരി ഒൻപതിനാണ് വീണ്ടും തുറക്കുക. ഈ തീയതി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാസ്ക് നിർബന്ധമാക്കാൻ സാധ്യതയുണ്ട്.
അതെ സമയം സ്കൂളുകൾ തുറക്കുന്നത് വൈകിക്കരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യ രംഗത്തെ നിരവധി വിദഗ്ദ്ധർ ഫെഡറൽ സർക്കാരിന് തുറന്ന കത്തെഴുതിയതായും റിപ്പോർട്ടുണ്ട്. കുട്ടികളെ വളരെ ചെറിയ രീതിയിൽ മാത്രമാണ് കൊവിഡ് ബാധിക്കുന്നതെന്നും ക്‌ളാസ് റൂം പഠനം വൈകിക്കുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.