എല്ലാ ഉപഭോക്താക്കൾക്കും 50 ഡോളർ എനർജി ബോണസ് ആയി നൽകുമെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കായി 48 മില്യൺ ഡോളറാണ് ഇത്തവണത്തെ ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ഒട്ടുമിക്ക ഉപഭോക്താക്കൾക്കും മികച്ച നിരക്കുകൾ നൽകുന്ന കമ്പനികളെ കണ്ടെത്താൻ സാധിക്കാറില്ല അല്ലെങ്കിൽ അതിനു സമയം ലഭിക്കാറില്ല. ഈ സാഹചര്യത്തിൽ എനർജി നിരക്കുകൾ താരതമ്യം ചെയ്യുന്നതിനുള്ള സർക്കാരിന്റെ വെബ്‌സൈറ്റ് വളരെ ഉപകാര പ്രധമാവുമെന്ന് ആൻഡ്രൂസ് കൂട്ടിച്ചേർത്തു.
ബോണസ് ലഭിക്കുന്നതിന് വിക്ടോറിയ ഉപഭോക്താക്കൾ ചെയ്യേണ്ടത്
ജൂലൈ 1 മുതൽ ഡിസംബർ 31 വരെ സർക്കാരിന്റെ വെബ്സൈറ്റ് ആയ vic.gov.au/victorianenergycompare സന്ദർശിക്കുക. ബോണസ് ലഭിക്കുന്നതിന് പവർ പ്ലാനുകൾ മാറണമെന്നോ പുതിയ സേവനങ്ങൾ എടുക്കണമെന്നോ നിബന്ധനകൾ ഇല്ല.
നിലവിൽ ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവർക്കും ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സൈറ്റ് സന്ദർശിച്ചാൽ ബോണസ് ലഭിക്കും.
എല്ലാ വൈദ്യുതി, പാചകവാതക ദാതാക്കളും അവരുടെ മെച്ചപ്പെട്ട നിരക്കുകൾ ഈ വെബ് സൈറ്റിൽ നിർബന്ധമായും നൽകണമെന്ന് വിക്ടോറിയൻ നിയമം അനുശാസിക്കുന്നു. അതുകൊണ്ട് തന്നെ ഊർജ്ജകമ്പനികളിൽ നിന്നും കമ്മീഷൻ സ്വീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ വെബ്സൈറ്റുകളെ അപേക്ഷിച്ച് മികച്ച സേവനം നൽകാൻ സർക്കാരിന്റെ വെബ് സൈറ്റിലൂടെ സാധിക്കുമെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.