കൊവിഡ് നിയമങ്ങൾക്കെതിരെ മെൽബണിൽ നടന്ന പ്രതിഷേധ സമരത്തിനിടെയാണ് നാൽപ്പത്തിരണ്ടുകാരനായ സ്റ്റിപ്പോ കിച്ചാക്ക് വളർത്ത് നായയെ ആക്രമിച്ചത്.
കിച്ചാക്ക് നായയെ തൊഴിച്ചു തെറിപ്പിക്കുന്നതിൻറെ വീഡിയോ വിവിധ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന സംഭവത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നതോടെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള സംഘടനയായ RSPCAയെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരോട് താൻ "പാനിക് മോഡിൽ" ആയിരുന്നുവെന്ന് പറഞ്ഞ കിച്ചാക്ക്, നായ തന്നെ ആക്രമിക്കുമോ എന്ന് പേടിച്ചാണ് തൊഴിച്ചതെന്നും വിശദീകരിച്ചു.
കേസ് പരിഗണിച്ച മെൽബൺ മജിസ്‌ട്രേറ്റ് കോടതി കിച്ചാക്കിൻറെ പ്രവൃത്തിയെ അപലിച്ചു. പ്രവൃത്തി ഭീരുത്വം നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി യാതൊരു പ്രകോപനവുമില്ലാതെയാണ് നായയെ തൊഴിച്ചതെന്നും നിരീക്ഷിച്ചു.
നിർമാണത്തൊഴിലാളിയായ കിച്ചാക്കിന് വധഭീക്ഷണി നിലനിൽക്കുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. പെട്ടന്നുണ്ടായ പ്രകോപനമാണ് പ്രവൃത്തിക്ക് കാരണം.
കിച്ചാക്കിൻറെ ഭാര്യയുടേതുൾപ്പെടെ ഏഴ് സ്വഭാവ സർട്ടിഫിക്കറ്റുകളും വാദത്തിനിടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഒരു മനുഷ്യന് ചവിട്ടു കിട്ടുമ്പോഴുണ്ടാകുന്ന അതേ അനുഭവം തന്നെയാകും നായയ്ക്കും ഉണ്ടാകുക എന്ന് കോടതി നിരീക്ഷിച്ചു.നായയ്ക്കും ഞെട്ടലും, അത്ഭുതവും, വേദനയും അനുഭവപ്പെട്ടിട്ടുണ്ടാകാമെന്നും കോടതി പറഞ്ഞു.
കിച്ചാക്കിൻറെ പ്രവൃത്തിക്ക് 12 മാസത്തെ നല്ലനടപ്പ് വിധിച്ച കോടതി 9,000 ഡോളർ പിഴ ഈടാക്കാനും നിർദ്ദേശിച്ചു.
ഇതിൽ 2,000 ഡോളർ നോർത്ത് മെൽബണിലെ ലോർട്ട് സ്മിത്ത് അനിമൽ ഹോസ്പിറ്റലിന് കിച്ചാക്ക് സംഭാവന നൽകണം. ബാക്കിയുള്ള 7,000 ഡോളർ കേസ് നടത്തിപ്പിൻറെ ചെലവിനത്തിൽ RSPCA-യ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.