കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിക്ടോറിയയിലെ സ്കൂളുകൾ ഈസ്റ്റർ അവധിക്കായി നാലു ദിവസം മുമ്പേ അടച്ചിരുന്നു.
അവധി കഴിഞ്ഞ് അടുത്തയാഴ്ച തന്നെ സ്കൂളുകൾ പ്രവർത്തനം തുടങ്ങുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പ്രഖ്യാപിച്ചു. എന്നാൽ വ്യത്യസ്തമായ രീതിയിലായിരിക്കും ഈ അധ്യയനവർഷത്തിന്റെ രണ്ടാം ടേമിൽ സ്കൂളുകൾ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കൂടിയത് അറിയിച്ചുകൊണ്ടാണ്, സ്കൂളുകളുടെ പുതിയ പ്രവർത്തന രീതിയും പ്രീമിയർ വിശദീകരിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലും രോഗബാധ കുറഞ്ഞെങ്കിലും, തിങ്കളാഴ്ച രാത്രിയിൽ അഞ്ചു മരണങ്ങൾ കൂടിയുണ്ടായിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസിൽ മൂന്നു മരണങ്ങളും, വിക്ടോറിയയിലും സൗത്ത് ഓസ്ട്രേലിയയിലും ഓരോ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
പഠനം ഓൺലൈൻ
സംസ്ഥാനത്തെ എല്ലാ പ്രൈമറി, സെക്കൻഡറി, സ്പെഷ്യൽ സ്കൂളുകളും ഓൺലൈൻ പഠനരീതിയിലേക്ക് മാറുമെന്ന് പ്രീമിയർ അറിയിച്ചു.
പരമാവധി കുട്ടികൾ വീട്ടിലിരുന്ന് വേണം പഠിക്കാൻ.
എന്നാൽ വീട്ടിലിരുന്ന് പഠിക്കാൻ കഴിയാത്ത കുട്ടികൾക്കുവേണ്ടി സ്കൂളുകൾ പ്രവർത്തിക്കും. പരിമിതമായ എണ്ണം അധ്യാപകരും ജീവനക്കാരും മാത്രമേ സ്കൂളുകളിലുണ്ടാകൂ.
വീട്ടിലിരുന്ന് പഠിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി ലാപ്ടോപ്പുകളും, ഇന്റർനെറ്റും ലഭ്യമാക്കുമെന്നും പ്രീമിയർ പറഞ്ഞു.
4,000 സിം കാർഡുകളും, 6,000 ലാപ്ടോപ്പുകളും ടാബ്ലറ്റുകളും നൽകും. ഏറ്റവും ആവശ്യമുള്ള വിദ്യാർത്ഥികൾക്കാണ് ഇത് നൽകുന്നത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ VCE പരീക്ഷ ഡിസംബറിലേക്ക് മാറ്റുമെന്നും സംസ്ഥാന വിദ്യാഭ്യാസമന്ത്രി ജെയിംസ് മർലിനോ സൂചിപ്പിച്ചു.
വിദ്യാർത്ഥികളുടെ അസസ്മെന്റുകളുടെ എണ്ണം കുറയ്ക്കുകയും, കൂടുതൽ ലളിതമാക്കുകയും ചെയ്യും.
യൂണിവേഴ്സിറ്റികളിലെ 2021ലെ അധ്യയന വർഷം തുടങ്ങുന്നത് വൈകിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ന്യൂ സൗത്ത് വെയിൽസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഒന്നാം ടേമിൽ തന്നെ ഓൺലൈൻ പഠനത്തിലേക്ക് മാറിയിരുന്നു.