സംസ്ഥാനത്തെ 1,500ലേറെ സർക്കാർ സ്കൂളുകളിലാണ് സൗജന്യമായി പാഡുകളും ടാമ്പൂണുകളും വിതരണം ചെയ്യുന്നത്.
ഇതോടെ എല്ലാ സർക്കാർ സ്കൂളുകളിലും സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് വിക്ടോറിയ.
20.7 മില്യൺ ഡോളറിന്റെ ഫണ്ടാണ് ഇതിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്.
ആർത്തവ സമയത്ത് വിദ്യാർത്ഥിനികൾക്ക് ഉണ്ടാകുന്ന അസ്വസ്ഥത കണക്കിലെടുത്താണ് ഇങ്ങനെയൊരു പദ്ധതി എന്ന് സർക്കാർ അറിയിച്ചു. മാത്രമല്ല കുടുംബങ്ങളെ ഇത് സാമ്പത്തികമായി സഹായിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ആർത്തവ സമയത്ത് പാഡുകളും ടാമ്പൂണുകളും ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിപാടികളിൽ പങ്കെടുക്കാനും മറ്റും കുട്ടികൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കൂടാതെ ഇത് കുട്ടികളുടെ പഠനത്തിലുള്ള ശ്രദ്ധയെയും ബാധിക്കുന്നു.
ഇതിന് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഈ പദ്ധതിയുടെ ഭാഗമായി, ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ നേരിടുന്നതിനെക്കുറിച്ച് കുട്ടികളെ കൂടുതൽ ബോധവത്കരിക്കുകയും ചെയ്യും.
2018ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡാനിയേൽ ആൻഡ്രൂസ് സർക്കാർ വാഗ്ദാനം ചെയ്ത പദ്ധതിയായിരുന്നു ഇത്.