വിക്ടോറിയയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപകരെ ലഭിക്കാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇവിടേക്ക് എത്താന്‍ തയ്യാറാകുന്ന അധ്യാപകര്‍ക്ക് ഒറ്റത്തവണ പ്രോത്സാഹനമായി 50,000 ഡോളര്‍ വരെ നല്‍കാനാണ് പദ്ധതി.
ഇതിനു പുറമേ, മൂന്നു വര്‍ഷം ഇവിടെ ജോലി ചെയ്യുകയാണെങ്കില്‍ ഓരോ വര്‍ഷവും 9,000 ഡോളര്‍ വീതവും നല്‍കും.
ഉള്‍നാടന്‍ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് അധ്യാപകരെ കണ്ടെത്താന്‍ സമാനമായ ഒരുപദ്ധതി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മെല്‍ബണില്‍ നിന്ന് ഉള്‍നാടന്‍ വിക്ടോറിയയിലെ സ്‌കൂളുകളിലേക്ക് മാറാന്‍ തയ്യാറുള്ള അധ്യാപകര്‍ക്കാണ് 50,000 ഡോളര്‍ പ്രോത്സാഹന ധനം പ്രഖ്യാപിച്ചിരുന്നത്.
വിക്ടോറിയയിലെ വിവിധ സ്കൂളുകളിൽ ഗണിതശാസ്ത്രം, ശാസ്ത്രം തുടങ്ങി വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരുടെ ക്ഷാമം രൂക്ഷമാണ്. മാത്രമല്ല ഇത്തരത്തിലുള്ള പല സ്‌കൂളുകളെയും അവിടത്തെ കുട്ടികളെയും കുറിച്ച് സമൂഹത്തിലും മോശം അഭിപ്രായമാണ്.
ഇത്തരം സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതും കൂടുതലാണ്.
ഈ സാഹചര്യത്തിലാണ് മികച്ച അധ്യാപകരെ ഇത്തരം സ്‌കൂളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.
പദ്ധതിക്കായി 244.6 മില്യൺ ഡോളറാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെർലിനോ അറിയിച്ചു.
മറ്റു തൊഴില്‍മേഖലകളിലുള്ളവര്‍ക്കും, മികച്ച മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അധ്യാപനവൃത്തി തെരഞ്ഞെടുത്ത് ഈ സ്‌കൂളുകളിലേക്ക് എത്താനും ഈ പദ്ധതി ഉപയോഗിക്കും. അവര്‍ക്ക് അധ്യാപക പരിശീലനം നേടുന്നതിനുള്ള ചെലവും സര്‍ക്കാര്‍ നല്‍കും.
ഇതിനായി 5.6 മില്യൺ ഡോളറാണ് മാറ്റിവച്ചിരിക്കുന്നത്.
മാത്രമല്ല, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരെ ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന സ്‌കൂളുകളിലേക്ക് എത്തിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി 41.5 മില്യണ്‍ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക ആനുകൂല്യമാണ് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വന്‍ നഗരങ്ങളിലെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ വിവിധ നടപടികൾ കൈക്കൊള്ളുകയാണ് സർക്കാർ ഇപ്പോൾ. ഇതിന്റെ ഭാഗമായി വിസ നിയമങ്ങളിലും സർക്കാർ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.