മാർച്ച് മാസം മുതലാണ് ഓസ്ട്രേലിയയിൽ കൊറോണവൈറസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഏറ്റവുമധികം പിഴയീടാക്കിയത് വിക്ടോറിയൻ സർക്കാരാണെന്ന് കണക്കുകൾ വ്യക്തമാക്കി.
6,200 നോട്ടീസുകളാണ് പിഴയടയ്ക്കാൻ ഉത്തരവിട്ടുകൊണ്ട് വിക്ടോറിയൻ പൊലീസ് നൽകിയിരിക്കുന്നത്.
1,652 ഡോളർ വീതം പിഴയീടാക്കാനായി വ്യക്തികൾക്ക് നൽകിയ നോട്ടീസുകളാണ് ഇവ. ഇതിനു പുറമേ, 9,913 ഡോളർ വീതം പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒമ്പതു ബിസിനസുകൾക്കും നോട്ടീസ് നൽകി.
മൊത്തം ഒരു കോടിയിലേറെ ഡോളറിന്റെ പിഴയാണ് സംസ്ഥാനത്ത് ഈടാക്കിയത്.
മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും ഏറെ കൂടുതലാണ് ഇത്. വിക്ടോറിയയിൽ വൈറസ് ബാധ വീണ്ടും ഉയരുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവന്നത്.

ക്വീൻസ്ലാന്റാണ് പിഴയീടാക്കിയ കണക്കിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. 2,093 വ്യക്തികൾക്ക് 1334.50 ഡോളർ വീതവും, ആറു ബിസിനസുകൾക്ക് 6,672 ഡോളർ വീതവും പിഴ നോട്ടീസ് നൽകി.
ആകെ 28 ലക്ഷത്തിലേറെ ഡോളറാണ് ക്വീൻസ്ലാന്റിൽ ഈടാക്കിയ പിഴ.
എന്നാൽ രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസ്, വൈറസ് ബാധയിൽ ഏറ്റവും മുന്നിലായിരുന്നെങ്കിലും പിഴ ഇടാക്കിയതിൽ മൂന്നാം സ്ഥാനത്തു മാത്രമാണ്.
1,271 പേർക്കാണ് NSW പൊലീസ് പിഴ നോട്ടീസ് നല്കിയത്. 1,000 ഡോളർ വീതമാണ് ഇത്. അഞ്ച് സ്ഥാപനങ്ങൾക്ക് 5,000 ഡോളർ വീതവും പിഴ നൽകി.
മൊത്തം, 13,16,000 ഡോളറാണ് സംസ്ഥാനത്ത് പിഴയിനത്തിൽ ഈടാക്കിയിയിരക്കുന്നത്.

നോർതേൺ ടെറിട്ടറിയിൽ 84,623 ഡോളർ പിഴയീടാക്കിയപ്പോൾ, സൗത്ത് ഓസ്ട്രേലിയയിലെ 374 നോട്ടീസുകളുടെ തുക വ്യക്തമാക്കിയിട്ടില്ല.
ടാസ്മേനിയയിൽ 326 പേർക്കാണ് നോട്ടീസ് നൽകിയത്. ഇവിടെ പിഴത്തുക കോടതിയാകും തീരുമാനിക്കുക.
വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് ഈ വിവരം പുറത്തുവിട്ടിട്ടില്ല.
അതേസമയം, വിക്ടോറിയയിൽ പൊലീസ് പിഴയീടാക്കിയതിൽ ഏറെ പിഴവുകൾ വന്നിട്ടുണ്ടെന്ന് ഫ്ലെമിംഗ്ടൺ കെൻസിംഗ്ടൺ ലീഗൽ സെന്ററിലെ ഡാനിയൽ ന്ഗ്യുയൻ കുറ്റപ്പെടുത്തി. കുടിയേറ്റവിഭാഗങ്ങൾ കൂടുതലായുള്ള പ്രദേശങ്ങളിൽ പലർക്കും ഒന്നിലേറെ തവണ നോട്ടീസ് ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

