ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പര വീണ്ടുമൊരിക്കൽ കൂടി വംശീയാധിക്ഷേപത്തിന്റെ പേരിൽ ചർച്ചയാകുന്നു.
സിഡ്നിയിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടർന്ന് നിരവധി കാണികളെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി.
മത്സരത്തിന്റെ നാലാം ദിവസമായിരുന്ന ഞായറാഴ്ചയാണ് കുറഞ്ഞത് ഏഴ് കാണികളെ ഗാലറിയിൽ നിന്ന് പുറത്താക്കിയത്.
ബൗണ്ടറിയിൽ ഫീൽഡ് ചെയ്തിരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് കാണികളുടെ പെരുമാറ്റത്തെക്കുറിച്ച് അമ്പയറോട് പരാതി പറഞ്ഞിരുന്നു.
തുടർന്ന് എട്ടു മിനിട്ടോളം കളി നിർത്തിവയ്ക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ സെക്യൂരിറ്റി ജീവനക്കാർ കാണികളിൽ നിന്ന് ഒരു സംഘത്തെ ഗാലറിക്ക് പുറത്തേക്ക് കൊണ്ടുപോയത്.

Police remove a group of spectators from their seats after Mohammed Siraj of India complained to umpires of being racially abused. Source: AAP
ക്രിക്കറ്റ് ഓസ്ട്രേലിയയും NSW പൊലീസും ഇവരെ ചോദ്യം ചെയ്തു.
നേരത്തേ, ടെസ്റ്റിന്റെ മൂന്നാം ദിവസവും ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറയും, മുഹമ്മദ് സിറാജും കാണികളുടെ അധിക്ഷേപത്തെക്കുറിച്ച് പരാതി പറഞ്ഞിരുന്നു.
ശനിയാഴ്ചത്തെ മത്സരത്തിനു ശേഷം ഇതേക്കുറിച്ച് ഇന്ത്യൻ ടീം ഐ സി സിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
ക്രിക്കറ്റ് ഗ്രൗണ്ടിലെ വിവേചനപരമായ ഒരു നടപടിയെയും അംഗീകരിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
വംശീയാധിക്ഷേപം നടത്തുന്നവർക്ക് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ സ്ഥാനമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സുരക്ഷാ വിഭാഗം മേധാവി ഷോൺ കാരൽ പറഞ്ഞു.
ശക്തമായ പ്രതിഷേധം
ഗ്രൗണ്ടിലെ വംശീയാധിക്ഷേപത്തിനെതിരെ ശക്തമായാണ് ഇന്ത്യൻ താരങ്ങളും മുൻ താരങ്ങളും രംഗത്തെത്തിയത്.
വംശീയാധിക്ഷേപം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും, റൗഡിത്തരത്തിന്റെ പാരമ്യമാണ് ഇതെന്നും പരമ്പരയ്ക്കിടെ ഇന്ത്യയിലേക്ക് മടങ്ങിയ ക്യാപ്റ്റൻ വിരാട് കോലി ട്വീറ്റ് ചെയ്തു.
ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും കോലി ആവശ്യപ്പെട്ടു.
സച്ചിൻ ടെണ്ടുൽക്കറും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.
ആരോടും വിവേചനം കാട്ടുന്ന കായികമത്സരമല്ല ക്രിക്കറ്റെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.
ഓസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗറും, മുൻ താരം മൈക്കൽ ഹസിയും ഞായറാഴ്ചത്തെ സംഭവങ്ങളെ ശക്തമായി വിമർശിച്ചിട്ടുണ്ട്.
ഈ കാലഘട്ടത്തിലും ഇത്തരം അധിക്ഷേപങ്ങളുണ്ടാകുന്നു എന്നത് അവിശ്വസനീയമാണെന്ന് ഹസി പറഞ്ഞു.
ഓസ്ട്രേലിയയിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നു എന്നത് നിരാശാജനകമാണ് എന്നായിരുന്നു ജസ്റ്റിൻ ലാംഗറുടെ പ്രതികരണം.
ഓസ്ട്രേലിയ-ഇന്ത്യ ക്രിക്കറ്റ് മത്സരത്തിൽ വംശീയാധിക്ഷേപ വിവാദമുണ്ടാകുന്നത് ഇതാദ്യമായല്ല.
2008ൽ ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ സന്ദർശനത്തിനിടെയുണ്ടായ മങ്കിഗേറ്റ് വിവാദമായിരുന്നു ഇതിൽ ഏറ്റവും രൂക്ഷം.
ഓസ്ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപങ്ങൾക്കെതിരെ മുമ്പും നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
നാലാം ടെസ്റ്റ് ബ്രിസ്ബൈനിൽ തന്നെ
അതിനിടെ, പരമ്പരയിലെ നാലാം ടെസ്റ്റ് മുൻ നിശ്ചയ പ്രകാരം ബ്രിസ്ബൈനിൽ തന്നെ നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
ബ്രിസ്ബൈനിലെ ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ഇത്. ഗാലറിയിൽ പകുതി കാണികളെ അനുവദിക്കുമെന്ന് പ്രീമിയർ അറിയിച്ചു.
നേരത്തേ, ബ്രിസ്ബൈനിലേക്ക് പോകാൻ ഇന്ത്യൻ ടീം വിമുഖത അറിയിച്ചു എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ക്വാറന്റൈൻ വ്യവസ്ഥകളുടെ പശ്ചാത്തലത്തിലാണ് ഇത്.