കൊറോണവൈറസ് മൂലമുള്ള യാത്രാവിലക്കുകളെയും നിയന്ത്രണങ്ങളെയും തുടർന്ന് വെർജിൻ ഓസ്ട്രേിലയയുടെ ഭൂരിഭാഗം ആഭ്യന്തര-രാജ്യാന്തര സർവീസുകളും നിർത്തിവച്ചിരുന്നു.
ഇത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫെഡറൽ-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായം വേണം എന്നായിരുന്നു കന്പനിയുടെ ആവശ്യം.
എന്നാൽ, 1.4ബില്യൺ ഡോളറിന്റെ സഹായം എന്ന കമ്പനിയുടെ ആവശ്യം ഫെഡറൽ സർക്കാർ തള്ളി.
ഇതിനു പിന്നാലെയാണ്, സ്വമേധയാ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക് പോകുന്ന കാര്യം വെർജിൻ ഓസ്ട്രേലിയ ASXനെ അറിയിച്ചത്.
അഡ്മിനിസ്ട്രേറ്റർ ഭരണത്തിലൂടെ കമ്പനിക്ക് കൂടുതൽ പ്രവർത്തന മൂലധനം കണ്ടെത്താനും, കൊവിഡ്-19 പ്രതിസന്ധി കഴിയുമ്പോൾ കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക അടിത്തറയോടെ പ്രവർത്തനം തുടരാനുമാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

Virgin Australia staff have made a plea to the government to save their airline. Source: Twitter 'TWUAus'
പിരിച്ചുവിടൽ ഉണ്ടാകില്ല
അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക് പോയാലും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് വെർജിൻ ഓസ്ട്രേലിയ CEO പോൾ സ്കറാ അറിയിച്ചു.
15,000ലേറെ ജീവനക്കാരും, കമ്പനിയുമായി യോജിച്ച് പ്രവർത്തിക്കുന്ന മറ്റു നിരവധി സ്ഥാപനങ്ങളുമാണ് ഈ തീരുമാനം മൂലം ആശങ്കയിലായിരുന്നത്.
എന്നാൽ വിമാനസർവീസുകളെയോ, ജീവനക്കാരെയോ ഇത് ഒരു തരത്തിലും ബാധിക്കില്ല എന്ന് കമ്പനി മേധാവികൾ വ്യക്തമാക്കി.
നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാനസർവീസുകൾ അതുപോലെ തുടരും. യാത്രക്കാർക്ക് ടിക്കറ്റ് ക്രെഡിറ്റ് ഉണ്ടെങ്കിൽ അതും നഷ്ടമാകില്ല എന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവനക്കാരെ പിരിച്ചുവിടില്ല. ശമ്പളം നല്കുന്നതും തുടരും. ജോലിയിൽ നിന്ന് മാറിനിൽക്കാൻ നിർദ്ദേശിച്ച ജീവനക്കാർക്കും, ജോബ് കീപ്പർ ആനുകൂല്യം ലഭ്യമാകുന്നതവർക്കും അതും തുടരും.
കമ്പനിയുടെ പ്രവർത്തനങ്ങൽ പുനക്രമീകരിക്കുന്നതിനായി പത്തോളം നിക്ഷേപകർ സന്നദ്ധത പ്രകടിപ്പിച്ചുണ്ടെന്നും സി ഇ ഒ വ്യക്തമാക്കി.
കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്ന് വെർജിൻ സ്ഥാപകൻ റിച്ചാർഡ് ബ്രാൻസനും പ്രഖ്യാപിച്ചു.
വെർജിൻ ഓസ്ട്രേലിയയുടെ ഓഹരി സർക്കാർ വാങ്ങുന്നത് പ്രായോഗികമല്ല എന്നാണ് ധനമന്ത്രി മത്തീസ് കോർമൻ പറഞ്ഞത്. വിമാനക്കമ്പനിയുടെ ഉടമസ്ഥത എന്നത് സർക്കാരിന്റെ പരിഗണനയിലുള്ള വിഷയമല്ല.
എന്നാൽ ദേശീയ തലത്തിൽ രണ്ട് പ്രധാന വിമാനക്കമ്പനികൾ എന്നുള്ള നയം സർക്കാർ തുടരുമെന്നും, അതിന് അഡ്മിനിസ്ട്രേറ്റർ ഭരണം സഹായിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.