ഓസ്ട്രേലിയയിൽ കൊവിഡ് പ്രതിസന്ധി മറികടക്കാൻ പ്രഖ്യാപിച്ച പദ്ധതികളുടെ ആനുകൂല്യം ഏറ്റവും കുറച്ചു ലഭിച്ച വിഭാഗമായിരുന്നു താൽക്കാലിക വിസകളിലുള്ളവർ.
എന്നാൽ സന്ദർശക വിസ ഉൾപ്പെടെയുള്ള താൽക്കാലിക വിസകളിലുള്ളവർക്ക് ഫെഡറൽ ബജറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
താൽക്കാലിക സ്കിൽഡ് വിസകളിലും, സന്ദർശക വിസകളിലുമുള്ളവർക്ക് കൊവിഡ് കാലത്തിനു ശേഷം വീണ്ടും ഓസ്ട്രേലിയയിലേക്ക് എത്താനാണ് ഇളവു നൽകുന്നത്.
പുതിയ വിസയ്ക്ക് അപേക്ഷിക്കാനായി ഇവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടി വരില്ല. അത് ഇളവു ചെയ്യും.
കൊവിഡ് മൂലമുള്ള യാത്രാ വിലക്കുകൾ ബാധിച്ചിട്ടുണ്ടെങ്കിലാണ് ഈ ഇളവ് ലഭിക്കുക.
പ്രോസ്പക്ടീവ് മാര്യേജ്, പസഫിക് ലേബർ സ്കീം, സീസണർ വർക്കർ പ്രോഗ്രാം എന്നീ വിസകളിലുള്ളവർക്ക് വിസ ഫീസ് തിരികെ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കാർഷിക മേഖലയിലോ, ഭക്ഷ്യ സംസ്കരണ മേഖലയിലോ ജോലി ചെയ്യുന്ന വർക്കിംഗ് ഹോളിഡേ വിസ ഉടമകൾക്ക് വിസ ദീർഘിപ്പിച്ചു നൽകും. ഒരു സ്ഥലത്ത് ആറു മാസം മാത്രമേ ജോലി ചെയ്യാവൂ എന്ന നിബന്ധനയും ഒഴിവാക്കും.
രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠനം ദീർഘിപ്പിക്കേണ്ടി വന്നാൽ പുതിയ വിസ ലഭിക്കുന്നതിനുള്ള അപേക്ഷ ഫീസ് ഇളവു ചെയ്യുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
2020-21ലെ കുടിയേറ്റ നയത്തിലെ മാറ്റങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഓസ്ട്രേലിയയിൽ നിലവിലുള്ളവരുടെ (ഓൺഷോർ അപേക്ഷകർ) PR അപേക്ഷകൾക്ക് മുൻഗണന നൽകാനാണ് തീരുമാനം.
ഇതോടൊപ്പം ഫാമിലി വിസകൾ വർദ്ധിപ്പിക്കാനും, എംപ്ലോയർ സ്പോൺസേർഡ് സ്കിൽഡ് വിസകൾക്ക് മുൻഗണന നൽകാനും തീരുമാനമുണ്ട്.