ഓസ്‌ട്രേലിയയിൽ കൊറോണ വൈറസ് കൂടുതലായി പടരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് രോഗഭീതിയെത്തുടർന്ന് വൊഡാഫോണിന്റെ സിഡ്‌നിയിലെ ഹെഡ് ഓഫീസ് ഒഴിപ്പിച്ചത്.
ജപ്പാനിൽ നിന്ന് തിരിച്ചെത്തിയ ജീവനക്കാരിൽ ഒരാൾ ഫ്ലൂവിന് സമാനമായ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതോടെ ഓഫീസ് ഒഴിപ്പിക്കുകയായിരുന്നുവെന്ന് വൊഡാഫോൺ വക്താവ് അറിയിച്ചു.
കൂടുതൽ പരിശോധനകൾക്കായി ഡോക്ടറെ സമീപിച്ച ഇയാളുടെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. ബുധനാഴ്‌ച ഉച്ചതിരിഞ് മൂന്ന് മണിയോടെ അടച്ച ഓഫീസ് വ്യാഴാഴ്ചയും തുറന്നു പ്രവർത്തിച്ചില്ല. ഇവിടം വൃത്തിയാക്കിവരികയാണെന്ന് വൊഡാഫോൺ അറിയിച്ചു.
ജീവനക്കാരുടെ ആരോഗ്യത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നത്. ഒരു അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണെന്നും കമ്പനി അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരോഗ്യ മേഖലയിലെ അധികൃതരുടെ ഉപദേശങ്ങൾ തേടിവരികയാണ് വൊഡാഫോൺ.
വ്യാഴാഴ്‌ച രാത്രിയോടെ ജീവനക്കാർക്ക് കൂടുതൽ വിവരങ്ങൾ നല്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ .
സിഡ്‌നിയിലെ ഫോക്സ് ടെൽ മീഡിയയും പരസ്യ കമ്പനിയായ OMD യും ഇവരുടെ ഓഫീസുകൾ കഴിഞ്ഞയാഴ്ച കൊറോണവൈറസ് ഭീതിയെത്തുടർന്ന് ഒഴിപ്പിച്ചിരുന്നു. ലണ്ടനിൽ നിന്നും സിംഗപ്പൂർ വഴി യാത്രചെയ്ത് തിരിച്ചെത്തിയ ജീവനക്കാരൻ രോഗലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നായിരുന്നു 200 ഓളം ജീവനക്കാരെ OMD ഒഴിപ്പിച്ചത്. രണ്ട് ദിവസം ഓഫീസ് അടച്ചിട്ടിരുന്നു.
ഫോക്സ് ടെൽ മീഡിയയിലെ ഒരു ജീവനക്കാരൻ OMD സന്ദർശിച്ചതിനെത്തുടർന്നാണ് ഇവരും കഴിഞ്ഞയാഴ്ച ഓഫീസ് അടച്ചത്.