അധിക കാലം ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ, മാരകരോഗം ബാധിച്ച വിക്ടോറിയക്കാര്‍ക്കാണ് ജൂണ്‍ 19 ബുധനാഴ്ച മുതല്‍ ദയാവധത്തിനായി ആവശ്യപ്പെടാവുന്നത്.
2017ല്‍ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിയമം ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു.
മാരകരോഗം ബാധിച്ച ഒരാള്‍ക്ക് ദയാവധം അനുവദിക്കണമെങ്കില്‍ 68 വ്യവസ്ഥകള്‍ പാലിച്ചിരിക്കണം എന്നാണ് ഈ നിയമം പറയുന്നത്. ഏറ്റവും പ്രധാന ചില വ്യവസ്ഥകള്‍ ഇവയാണ്:

Euthanasia Source: Flickr
- 18 വയസ് പൂര്‍ത്തിയാക്കിയ ഓസ്‌ട്രേലിയന്‍ പൗരനോ, പെര്‍മനന്റ് റെസിഡന്റോ ആയിരിക്കണം
- ഒരു വര്‍ഷമെങ്കിലും വിക്ടോറിയയില്‍ ജീവിച്ച ആളായിരിക്കണം
- മാരകരോഗത്താല്‍ അതികഠിനമായ വേദന നേരിടുന്നയാളാകണം
- ആറു മാസത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കണം (ഗുരുതരമായ നാഡീ രോഗങ്ങള്‍ ബാധിച്ചവരാണെങ്കില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്ന്)
- മറ്റാരുടെയും സമ്മര്‍ദ്ദത്താലല്ല ദയാവധം അഭ്യര്‍ത്ഥിക്കുന്നതെന്നും, സ്വബോധത്തോടെയാണെന്നും തെളിയിക്കണം.
- രണ്ടു തവണ രേഖാമൂലവും, ഒരു തവണ വാക്കാലും അഭ്യര്‍ത്ഥന നടത്തണം. രണ്ടു ഡോക്ടര്‍മാര്‍ ഇത് അംഗീകരിക്കണം.
ഇത്തരത്തില്‍ നടപടികള്‍ തുടങ്ങിയാലും പത്തു ദിവസമെങ്കിലും എടുത്തു മാത്രമേ ഒരാള്‍ക്ക് ദയാവധത്തിനുള്ള അനുമതി ലഭിക്കുകയുള്ളൂ.
ഇത്തരം നിയമങ്ങളും വ്യവസ്ഥകളുമെല്ലാം പാലിക്കുന്നുണ്ടോ എന്ന കാര്യം ഒരു സ്വതന്ത്ര റിവ്യൂ ബോര്‍ഡും കൊറോണറും പരിശോധിക്കുന്നുണ്ടാകും.
ജി പിമാരും ക്യാന്‍സര്‍ ചികിത്സാ വിദഗ്ധരും ഉള്‍പ്പെടെ നൂറോളം ഡോക്ടര്‍മാര്‍ക്ക് ദയാവധം നടപ്പാക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കി
അത്തരത്തില്‍ പരിശീലനം ലഭിച്ച മെല്‍ബണിലെ ജി പി ഡോ. പ്രതാപ് ജോണ്‍ ഫിലിപ്പ് നിയമം നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചിരുന്നു.
നൂറോളം വിക്ടോറിയക്കാര്‍ ഇപ്പോള്‍ തന്നെ ദയാവധം ആവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം 12 പേര്‍ക്ക് മാത്രമേ ഇത് നടപ്പാക്കുള്ളൂ എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന.
അടുത്ത വര്‍ഷം മുതല്‍ 150 പേരെങ്കിലും സ്വയം മരണം തെരഞ്ഞെടുക്കുന്നുണ്ടാകുമെന്ന് വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു.
ദയാവധം നടപ്പാകുന്നത് രണ്ടാം തവണ
ഓസ്‌ട്രേലിയയില്‍ ദയാവധം നിലവിലുള്ള ഏക സംസ്ഥാനമായി മാറുകയാണ് വിക്ടോറിയ.
എന്നാല്‍ ഈ നിയമം ആദ്യമായി നടപ്പാക്കുന്ന പ്രദേശം വിക്ടോറിയ അല്ല. കാല്‍ നൂറ്റാണ്ടു മുമ്പ് നോര്‍തേണ്‍ ടെറിട്ടറിയില്‍ ദയാവധം നിയമവിധേയമാക്കിയിരുന്നു.
1995 മേയ് 25നാണ് നോര്‍തേണ്‍ ടെറിട്ടറി പാര്‍ലമെന്റ് 'റൈറ്റ്‌സ് ഓഫ് ദ ടെര്‍മിനലി ഇല്‍ ആക്ട്' പാസാക്കിയത്. 1996 ജൂലൈ ഒന്നു മുതല്‍ ഇത് നിലവില്‍ വന്നു.
ലോകത്താദ്യമായി ദയാവധം നിയമവിധേയമാക്കിയ നിയമനിര്‍മ്മാണ സഭയുമായി ഇതോടെ നോര്‍തേണ്‍ ടെറിട്ടറി.
നാലു പേരാണ് നോര്‍തേണ്‍ ടെറിട്ടറിയില്‍ ദയാവധം സ്വീകരിച്ചത്.
മാരകമായ ക്യാന്‍സര്‍ രോഗം ബാധിച്ചവരായിരുന്നു നാലു പേരും.
1996 സെപ്റ്റംബര്‍ 22ന് ബോബ് ഡെന്റ് എന്ന 66കാരനാണ് ആദ്യമായി മരണം തെരഞ്ഞെടുത്തത്. ഈ നിയമത്തിനു വേണ്ടി പോരാടിയ ഡോ. ഫിലിപ് നീഷ്‌കെയുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത സിറിഞ്ചിലൂടെ മരണത്തിനുള്ള മരുന്ന് കുത്തിവച്ചാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിതനായിരുന്ന ബോബ് ഡെന്റ് മരിച്ചത്.
മരുന്ന് കുത്തിവയ്ക്കാനുള്ള നിര്‍ദ്ദേശം ബോബ് ഡെന്റ് തന്നെ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുകയായിരുന്നു.

Dr. Philip Nitschke sits in his office in Coolalinga, Australia's Northern Territory, Nov. 18, 1997. (AP Photo/Rohan Sullivan) Source: AP
എന്നാല്‍ ഫെഡറല്‍ സര്‍ക്കാര്‍ 1997ല്‍ ഈ നിയമം റദ്ദാക്കി. പൂര്‍ണ സംസ്ഥാന പദവി ഇല്ലാത്തതിനാല്‍ ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ അധികാരമില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് NTയുടെ നിയമം ഫെഡറല്‍ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് റദ്ദാക്കിയത്.
ദയാവധത്തിനായി എല്ലാ അനുമതിയും കിട്ടിയിരുന്ന പല രോഗികള്‍ക്കും ഇതോടെ അത് നടപ്പാക്കാനും കഴിഞ്ഞില്ല.
ഇത് പ്രമേയമാക്കി 2015ല്‍ Last Cab to Darwin എന്ന ഒരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.
ആത്മഹത്യാ പ്രവണതയോ മാനസിക പ്രശ്‌നങ്ങളോ ഉള്ളവര്‍ എത്രയും വേഗം സഹായം തേടുക
Lifeline 13 11 14
BeyondBlue 1300 22 4636