കൂടുതല്‍ രാജ്യാന്തര വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സര്‍ക്കാര്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി പ്രഖ്യാപിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ നോമിനേഷന്‍ വഴി ലഭിക്കുന്ന വിസകളുടെ മാനദണ്ഡങ്ങളിലാണ് ഇളവ്.
സ്‌റ്റേറ്റ് നോമിനേഷന്‍ ആവശ്യമായ വിസകളുടെ ഗ്രാജ്വേറ്റ് സ്ട്രീമില്‍ ഈ വര്‍ഷം ഡിസംബര്‍ മുതല്‍ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്‍പ്പെടുത്തും. വൊക്കേഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും സ്‌കില്‍ഡ് വിസയ്ക്കായി അപേക്ഷിക്കാന്‍ അവസരമൊരുക്കുന്നതാണ് ഇത്.
സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് സ്‌കില്‍ഡ് വിസയായ സബ്ക്ലാസ് 190, സംസ്ഥാന സര്‍ക്കാരോ ബന്ധുക്കളോ സ്‌പോണ്‍സര്‍ ചെയ്യുന്ന പുതിയ റീജിയണല്‍ വിസയായ സബ്ക്ലാസ് 491 എന്നിവയ്ക്കാണ് ഈ മാറ്റം ബാധകം.
നിലവില്‍ സംസ്ഥാനത്തെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ളവര്‍ക്കാണ് ഗ്രാജ്വേറ്റ് സ്ട്രീമിലെ സ്‌പോണ്‍സര്‍ഷിപ്പിനു വേണ്ടി അപേക്ഷിക്കാന്‍ കഴിയുന്നത്.
എന്നാല്‍ ഈ വര്‍ഷം ഡിസംബര്‍ മുതല്‍ സംസ്ഥാനത്തു നിന്ന് സര്‍ട്ടിഫിക്കറ്റ് III മുതല്‍ മുകളിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും, ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും ഈ സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കാം.
രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പഠനത്തിന് അവസരം നല്‍കുന്ന ELICOS, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന VET തുടങ്ങിയ മേഖലകളില്‍ സര്‍ട്ടിഫിക്ക്റ്റ് IIIഓ അതിനു മുകളിലോ നേടുന്നവര്‍ക്ക് ഈ അവസരം ലഭിക്കും.

Large Group of Diverse People with Different Occupations Source: Getty Images
സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ രണ്ടു വര്‍ഷം സംസ്ഥാനത്ത് പഠിച്ചിരിക്കണം എന്ന വ്യവസ്ഥ നിലനില്‍ക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പോലുള്ള ഹ്രസ്വകാല കോഴ്‌സുകളാണെങ്കിലും രണ്ടു വര്‍ഷം പൂര്‍ണസമയ പഠനം പൂര്ത്തിയാക്കണം. പല കോഴ്‌സുകളായി ഈ പഠനം പൂര്‍ത്തിയാക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാജ്വേറ്റ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ള തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും അപേക്ഷിക്കാന്‍ കഴിയുക.
തൊഴില്‍പരിചയത്തിലും മാറ്റം
നിലവില്‍ ഒരു വര്‍ഷമെങ്കിലും ഓസ്‌ട്രേലിയയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും, അല്ലെങ്കില്‍ ഒരു വര്‍ഷത്തെ തൊഴില്‍ കോണ്‍ട്രാക്ട് ഹാജരാക്കാന്‍ കഴിയുന്നവര്‍ക്കും മാത്രമാണ് ഇത്തരം സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നത്.
എന്നാല്‍ ഈ കാലാവധി കുറയ്ക്കാനും WA സര്‍ക്കാര് തീരുമാനിച്ചു.
പുതിയ നിയമപ്രകാരം ആറു മാസത്തെ ഓസ്‌ട്രേലിയന്‍ തൊഴില്‍ പരിചയമോ, ആറു മാസത്തെ തൊഴില്‍ കരാറോ മതിയാകും.
ഗ്വാജ്വേറ്റ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ള ഒരു തൊഴില്‍മേഖലയിലായിരിക്കണം ഈ തൊഴില്‍ പരിചയം. അതേസമയം, വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പഠനം പൂര്‍ത്തിയാക്കിയത് ഇതേ വിഷയത്തില്‍ ആകണമെന്ന് നിര്‍ബന്ധമില്ല.
ഇംഗ്ലീഷ് ഭാഷാ മാനദണ്ഡം
ഗ്രാജ്വേറ്റ് സ്ട്രീമില്‍ നോമിനേഷനായി അപേക്ഷിക്കുന്നതിന് പ്രൊഫിഷ്യല്‍ ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടാകണം എന്നാണ് വ്യവസ്ഥ.
അതായത് IELTS എല്ലാ ഘടകങ്ങളിലും ബാന്‍ഡ് ഏഴോ തത്തുല്യമോ ആയ ഇംഗ്ലീഷ് പ്രാവീണ്യം വേണം.
Band | Listening | Reading | Writing | Speaking |
---|---|---|---|---|
IELTS | 7 | 7 | 7 | 7 |
OET | B | B | B | B |
TOEFL-iBT | 24 | 24 | 27 | 23 |
PTE Academic | 65 | 65 | 65 | 65 |
Cambridge C1 Advanced | 185 | 185 | 185 | 185 |
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്ക് പുറത്തു ജീവിക്കുന്നവരാണെങ്കില്‍, സംസ്ഥാനത്തെത്തി ജീവിതം തുടങ്ങാന്‍ ആവശ്യമായ ഫണ്ട് കൊണ്ടുവരാനും കഴിയണം.
ഒറ്റ വ്യക്തിയാണെങ്കില്‍ 20,000 ഓസ്‌ട്രേലിയന്‍ ഡോളറും, ദമ്പതികള്‍ 30,000 ഡോളറും, ദമ്പതികള്‍ക്കൊപ്പം തുടര്‍ന്നുള്ള ഓരോ അംഗത്തിനും 5,000 ഡോളര്‍ വീതവുമാണ് ഫണ്ട് കാണിക്കേണ്ടത്.