വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 12 വയസിന് മേൽ പ്രായമായ 70 ശതമാനം പേർ ഈ മാസം അവസാനത്തോടെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുകഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഇതേത്തുടർന്ന് വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് എത്താൻ അനുവദിക്കുന്ന രാജ്യാന്തര യാത്രക്കാരുടെ പരിധി ഇരട്ടിയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു.
നിലവിൽ ആഴ്ചയിൽ 265 പേർക്കാണ് വിദേശത്ത് നിന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് എത്താവുന്നത്. ഇത് 530 ആക്കി ഉയർത്തുമെന്ന് പ്രീമിയർ മാർക് മക് ഗവൻ അറിയിച്ചു.
നവംബർ 20 മുതൽ ഈ മാറ്റം നടപ്പിലാക്കും.
വിദേശ യാത്രക്കാർ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഹോട്ടലിൽ 14 ദിവസം ക്വാറന്റൈൻ ചെയ്യണം. എല്ലാ യാത്രക്കാരും പരിശോധനയ്ക്ക് വിധേയരാവുകയും വേണം.
അതേസമയം ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ACT എന്നിവിടങ്ങളിൽ എത്തുന്ന രാജ്യാന്തര യാത്രക്കാർ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം, G2G പാസിനായി അപേക്ഷിക്കണം. ഇത് ലഭിച്ചാൽ മാത്രമേ വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് എത്താൻ അനുവദിക്കുകയുള്ളു.
മാത്രമല്ല, സിഡ്നിയിലൂടെ സംസ്ഥാനത്തേക്ക് എത്താൻ വിദേശ യാത്രക്കാർ ശ്രമിക്കരുതെന്നും പ്രീമിയർ പറഞ്ഞു.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്ന് സിഡ്നി വഴി വിദേശത്തേക്ക് യാത്ര ചെയ്യാനും, തിരികെ സിഡ്‌നിയിലെത്തിയ ശേഷം സംസ്ഥാനത്തേക്ക് എത്താനും ശ്രമിക്കരുതെന്നും, ഇത് സമൂഹത്തിന് അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി.
എന്നാൽ, കുറച്ച് മാസങ്ങളിലേക്ക് കൂടി മാത്രമേ ഇത് നേരിടേണ്ടി വരികയുള്ളുവെന്നും, ഈ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ അവസാന ഘട്ടത്തിലാണ് സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷൻ നിരക്ക് ഉയരുന്നതിനനുസരിച്ച് നിയന്ത്രിതമായായിരിക്കും സംസ്ഥാന അതിർത്തി തുറക്കുന്നതെന്നും മക് ഗവൻ പറഞ്ഞു.
ക്വീൻസ്ലാന്റിൽ കൂടുതൽ ഇളവുകൾ
സംസ്ഥാനത്തെ വാക്‌സിനേഷൻ നിരക്ക് 80 ശതമാനം ആകുന്നതോടെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചു.
ഡിസംബർ 17ന് വാക്‌സിനേഷൻ നിരക്ക് 80 ശതമാനമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതോടെ ബിസിനസുകൾക്കും, ഹോസ്പിറ്റാലിറ്റി മേഖലകൾക്കും നിയന്ത്രണങ്ങൾ ഇല്ലാതെ പ്രവർത്തിക്കാം.
എന്നാൽ എല്ലാ ജീവനക്കാരും, സന്ദർശകരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം.
വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ആശുപത്രികൾ, ഏജ്ഡ് കെയർ കേന്ദ്രങ്ങൾ, ഡിസബിലിറ്റി കെയർ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അനുവാദമില്ല. അടിയന്തര ആവശ്യങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെട്ടിടത്തിന് പുറത്തുള്ള വിനോദങ്ങൾ, കായിക മത്സരങ്ങൾക്കുള്ള സ്റ്റേഡിയം, തീം പാർക്കുകൾ എന്നിവിടങ്ങളിലെല്ലാം വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് പ്രവേശിക്കാം.
കൂടാതെ, സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് ഈയാഴ്ച 80 ശതമാനം എത്തും. ഇതോടെ മാസ്ക് ധരിക്കുന്നതും നിര്ബന്ധമല്ലാതാകും.
സംസ്ഥാനത്ത് 79.6 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. 67.4 ശതമാനം പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്.