കൊവിഡ് കോൺടാക്ട് ട്രേസിംഗ് കാര്യക്ഷമമാക്കാൻ തുടങ്ങിയ SafeWA ആപ്പിൽ നിന്നാണ് പൊലിസ് കേസന്വേഷണത്തിനായി വിവരങ്ങൾ ശേഖരിച്ചതെന്ന് വെസ്റ്റേൺ ഓസ്‌ടേലിയ പ്രീമിയർ മാർക്ക് മക് ഗോവൻ വ്യക്തമാക്കി.
ഇതേതുടർന്ന് കോവിഡ് കോൺടാക്ട് ട്രേസിംഗ് ആവശ്യങ്ങൾക്ക് മാത്രമേ ഈ ആപ്പിലെ വിവരങ്ങൾ ഉപയോഗിക്കാൻ പാടുള്ളു എന്ന് പ്രീമിയർ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ സർക്കാരിന്റെ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്ന് പൊലിസ് അറിയിച്ചു. ഇതേത്തുടർന്നാണ് സർക്കാർ നിയമം കൊണ്ടുവന്നത്.
ഇതുമായി ബന്ധപ്പെട്ട ബിൽ ചൊവ്വാഴ്ച അധോസഭയിൽ പാസായി.
പൊലീസും കറപ്‌ഷൻ ആൻഡ് ക്രൈം കമ്മീഷനും ഈ ആപ്പിൽ നിന്നുള്ള ഡാറ്റ മറ്റ് ആവശ്യങ്ങൾക്കായി ശേഖരിക്കുന്നത് വിലക്കുന്നതാണ് പുതിയ നിയമം.
മുൻ റിബൽസ് ബൈക്കി തലവൻ നിക്ക് മാർട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉൾപ്പെടെ രണ്ട് കേസുകളുടെ അന്വേഷണത്തിന് പൊലിസ് ഈ ആപ്പിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായി കണ്ടെത്തിയെന്ന് പ്രീമിയർ പറഞ്ഞു.
എന്നാൽ ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കരുതെന്ന് പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും ഇത് നിയമപരമാണെന്ന് ചൂണ്ടിക്കാട്ടി പൊലിസ് നിരസിക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് ഇപ്പോൾ പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നതെന്നും മക് ഗോവൻ വ്യക്തമാക്കി.
വെസ്റ്റേൺ ഓസ്ട്രേലിയ ആരോഗ്യ വകുപ്പിലെ അംഗീകൃത ഉദ്യോഗസ്ഥർ മാത്രമേ ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയുള്ളുവെന്ന് 2020ൽ നവംബറിൽ ഈ ആപ്പ് തുടങ്ങിയ സമയത്ത് ആരോഗ്യ മന്ത്രി റോജർ കുക്ക് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.
മറ്റ് ആവശ്യങ്ങൾക്കായി ആപ്പിലെ ഡാറ്റ ഉപയോഗിച്ചത് വഴി ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് മിയ ഡേവിസ് കുറ്റപ്പെടുത്തി.
അതേസമയം, ആപ്പിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച നടപടി പൊലിസ് കമ്മീഷണർ ക്രിസ് ഡോസൻ ന്യായീകരിച്ചു.
ആപ്പിന്റെ വ്യവസ്ഥകൾക്കനുസരിച്ച് നിയമപരമായ കാരണങ്ങൾക്ക് ഇതിലെ ഡാറ്റ ഉപയോഗിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല ഇത് പൊതുവിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു.