സംസ്ഥാനത്ത് അമ്പത് ശതമാനം റയിൽകാറുകൾ നിർമ്മിക്കാനുള്ള പുതിയ നയമാണ് വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ ഞായറാഴ്ച പ്രഖ്യാപിച്ചത്.
ഈ പത്ത് വർഷ പദ്ധതിക്കായി 1.6 ബില്യൺ ഡോളറാണ് ചിലവഴിക്കുന്നത്.
ഇതുവഴി സംസ്ഥാനത്ത് 200ലേറെ ദീർഘകാല തൊഴിലുകൾക്കുള്ള സാധ്യതകളാണ് തുറന്നു കിട്ടുന്നതെന്ന് പ്രീമിയർ മാർക്ക് മക്‌ഗോവാൻ അറിയിച്ചു.
ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകളും വിശേഷങ്ങളുമറിയാൻ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക
കിഴക്കൻ പെർത്തിലെ ബെല്ലവ്യൂവിലുള്ള അസ്സംബ്ലി പ്ലാന്റിൽ 246 റയിൽകാറുകളാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ഫ്രഞ്ച് നിർമ്മാണ കമ്പനിയായ അൽസ്റ്റോമിനാണ് ഇതിന്റെ ടെൻഡർ ലഭിച്ചിരിക്കുന്നത്.
ജൂൺഡലപ്പ്, മാണ്ഡുര ലൈനുകളിൽ 2022ഓടെ ഇവ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
യു എസ് ബി ചാർജിങ് പോയിന്റ്, LED ലൈറ്റിംഗ് തുടങ്ങി ഏറ്റവും പുതിയ സാങ്കേതിയ വിദ്യകളുമായിട്ടാണ് ഈ റയിൽകാറുകൾ നിർമ്മിക്കുന്നത്.
1200 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാകും ഇവയുടെ നിർമ്മാണം. മാത്രമല്ല ആളുകൾക്ക് എളുപ്പത്തിൽ കയറുവാനും ഇറങ്ങുവാനും കഴിയുന്ന വിധത്തിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ വിസ്താരമുള്ള വാതിലുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.
ബെല്ലവ്യൂവിലെ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത വര്ഷം ആരംഭിക്കുമെന്നും ഇത് 2021ൽ പൂർത്തിയാക്കാൻ കഴിമെന്നുമുള്ള പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
സംസ്ഥാനത്തെ റയിൽവെ വർക്ക്ഷോപ്പായ മിഡ്ലാന്റ് റെയിൽവേ വർക്ഷോപ്പുകൾ 1994 ൽ അടച്ചുപൂട്ടിയിരുന്നു. നിരവധി പേർക്കാണ് അന്ന് ജോലി നഷ്ടമായത്. ഇതിന് സമീപത്തായാണ് പുതിയ പ്ലാന്റ്.