ന്യൂ സൗത്ത് വെയിൽസിലെ കൊറോണബാധ പുതിയ റെക്കോർഡിലേക്ക് കടന്നതോടെ അതിർത്തി നിയന്ത്രണങ്ങളും കടുപ്പിച്ചിരിക്കുകയാണ് പല സംസ്ഥാനങ്ങളും.
സംസ്ഥാനത്ത് പുതുതായി 390 കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണമാണ് വെസ്റ്റേൺ ഓസ്ട്രേലിയ പ്രഖ്യാപിച്ചത്.
- കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവർക്ക് മാത്രമേ വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ കഴിയു.
- മാത്രമല്ല യാത്ര ചെയ്യുന്നതിന് 72 മണിക്കൂറുകൾക്ക് മുൻപ് കൊവിഡ് നെഗറ്റീവ് ആണെന്ന പരിശോധനാഫലവും കാണിക്കണം.
ചൊവ്വാഴ്ച മുതൽ ഈ നിയന്ത്രണം നടപ്പാക്കുമെന്ന് പ്രീമിയർ മാർക്ക് മക് ഗവൻ അറിയിച്ചു.
നിലവിൽ ന്യൂ സൗത്ത് വെയിൽസിന് ഏർപ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണം 'ഹൈ റിസ്ക്' വിഭാഗത്തിലുള്ള സംസ്ഥാനങ്ങൾക്കും ടെറിറ്ററികൾക്കും ബാധകമാകുമെന്ന് പ്രീമിയർ വ്യക്തമാക്കി.
ഇതിന് പുറമെ 'എക്സ്ട്രീം റിസ്ക്' സംസ്ഥാനങ്ങളിലും ടെറിറ്ററികളിലും നിന്നുമുള്ളവർക്ക് വെസ്റ്റേൺ ഓസ്ട്രേലിയ പരിശോധനയും കർശനമാക്കി.
- ഇവിടെ നിന്നെത്തുന്നവർ ഹോട്ടലിൽ ക്വാറന്റൈൻ ചെയ്യണം.
- ക്വാറന്റൈന്റെ അഞ്ചാം ദിവസം പരിശോധനക്ക് വിധേയരാവുകയും വേണം.
അഞ്ചാം ദിവസമുള്ള പരിശോധന എന്നത് പുതിയ നിർദ്ദേശമാണ്.
ഹൈറിസ്ക്, എക്സ്ട്രീം റിസ്ക് എന്നതിനുള്ള നിർവചനവും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ദിവസം ശരാശരി 50 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളാകും ഹൈറിസ്ക് വിഭാഗത്തിൽ.
ഒരു ദിവസം 500 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളാണ് എക്സ്ട്രീം റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നത്.
കർശനമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും, സംസ്ഥാനത്തെ സംരക്ഷിക്കാൻ ഇതാവശ്യമാണെന്നും പ്രീമിയർ വ്യക്തമാക്കി.